വനിത ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; ലങ്കയെ അനായാസം കീഴടക്കി

വനിത ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്തി ഏഴാം കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍. തീര്‍ത്തും ഏകപക്ഷീയമായ മാറിയ ഫൈനലില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ടുവെച്ച 66 റണ്‍സ് വിജയലക്ഷ്യം 69 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ മറികടന്നു.

അര്‍ദ്ധ സെഞ്ചറി നേടിയ ഓപ്പണര്‍ സ്മൃതി മന്താനയാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ മന്താന വെറും 25 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ഫോറും മൂന്നു സിക്‌സും സഹിതമാണിത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 14 പന്തില്‍ 11 റണ്‍സുമായി വിജയത്തിലേക്ക് സ്മൃതിക്കു കൂട്ടുനിന്നു.

ഓപ്പണര്‍ ഷെഫാലി വര്‍മ (എട്ടു പന്തില്‍ അഞ്ച്), ജമൈമ റോഡ്രിഗസ് (നാലു പന്തില്‍ രണ്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ശ്രീലങ്കയ്ക്കായി ഇനോക രണവീര, കാവിഷ ദില്‍ഹരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Read more

ലങ്കന്‍ നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 18 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇനോക രണവീരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഒഷാദി രണസിംഗെ 13 റണ്‍സും എടുത്തു.

 ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗയക്വാദ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.