രോഹിത്ത് ആ അഞ്ച് സെഞ്ച്വറികള്‍ നേടിയത് എങ്ങനെയാണ്, ആഞ്ഞടിച്ച് ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ സൂപ്പര്‍ താരങ്ങളായ രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്ലിയും ചേരിതിരിഞ്ഞ് പോരാടുകയാണെന്ന ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ എന്ത് നടക്കുന്നു എന്ന് തനിയ്ക്കറിയാമെന്നും ശാസ്ത്രി പറയുന്നു.

ഇന്ത്യന്‍ ടീമില്‍ ഐക്യം ഇല്ലായിരുന്നെങ്കില്‍ രോഹിത്തിന് ലോക കപ്പില്‍ എങ്ങനെ അഞ്ച് സെഞ്ച്വറി നേടാന്‍ സാധിക്കുമായിരുന്നെന്ന് ചോദിക്കുന്ന ശാസ്ത്രി കോഹ്ലിയെ ഇന്നത്തെ നിലയിലുളള താരമാക്കി വളര്‍ത്തിയതില്‍ ഡ്രസ്സിംഗ് റൂം അന്തരിക്ഷത്തിന് നിര്‍ണായക പങ്കുണ്ടെന്നും വിലയിരുന്നു.

‘ശ്രദ്ധിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡ്രസ്സിംഗ് റൂമിന് ചുറ്റുമാണ് എന്റെ ജീവിതം. എന്റെ കുട്ടികള്‍ ജോലിയില്‍ പലര്‍ത്തുന്ന ധാര്‍മ്മികതയും പരസ്പര ബഹുമാനവും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതാണ്. ഡ്രസ്സിംഗ് റൂമില്‍ വിഭാഗീയതയെന്നത് അടിമുടി അസംബന്ധമാണെന്ന് എനിക്ക് പറയാനാകും. അങ്ങനെയുണ്ടായിരുന്നെങ്കില്‍ രോഹിത്തിന് ലോക കപ്പില്‍ അഞ്ച് സെഞ്ച്വറി നേടാനാകുമായിരുന്നോ? കോഹ്ലി ഇന്നത്തെ നിലയില്‍ ആകുമായിരുന്നോ? അവര്‍ തമ്മില്‍ കൂട്ടുകെട്ടുകള്‍ ഉടലെടുക്കുമായിരുന്നോ?’ ശാസ്ത്രി ചോദിക്കുന്നു.

ഡ്രസ്സിംഗ് റൂമില്‍ എല്ലാ താരങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇത് അഭിപ്രായ വ്യത്യാസമായി വ്യാഖ്യാനിക്കേണ്ടെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു.

നേരത്തെ ഇന്ത്യന്‍ ടീമില്‍ രോഹിത്ത്-കോഹ്ലി പോര് ഉടലെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് ശാസ്ത്രി പൂര്‍ണമായും തള്ളിക്കളയുന്നത്.