ഇന്ത്യയ്ക്ക് ഹാര്‍ദ്ദിക്കിനെ ആവശ്യമില്ല, വെളിപ്പെടുത്തി ചീഫ് സെലക്ടര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അത് ചില സര്‍പ്രൈസുകളും ഉള്‍ക്കൊള്ളുന്നതായിരുന്നു. രോഹിത്ത് ശര്‍മ്മയെ ഓപ്പണറാക്കി ഉള്‍പ്പെടുത്തിയപ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ടീമില്‍ ഇടംപിടിച്ചു. എന്നാല്‍ ടീമിലെ സ്റ്റാര്‍ ഓപ്പണര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാണ്ഡ്യ എന്ത് കൊണ്ടാണ് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്ന അന്വേഷണമായിരുന്നു, ക്രിക്കറ്റ് ലോകത്ത്. എന്നാല്‍ ഇതിന് വിശദീകരണവുമായി സെലക്ഷന്‍ കമ്മിറ്റി തലവന്‍ എം എസ് കെ പ്രസാദ് രംഗത്തെത്തി.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സീമിംഗ് ഓള്‍ റൗണ്ടറുടെ ആവശ്യമില്ലെന്നും അതിനാലാണ് ഹാര്‍ദ്ദിക്കിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും പ്രസാദ് പറയുന്നു. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഹാര്‍ദിക് പാണ്ട്യ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ല. അന്ന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം താരത്തിന് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു.

മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കുക. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ടി20 പരമ്പരയും കളിക്കുന്നുണ്ട്.