മുംബൈയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും; തുറന്നു പറഞ്ഞ് രഹാനെ

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് ടീം മാനെജ്‌മെന്റ് തീരുമാനിക്കുമെന്ന് താത്കാലിക നായകന്‍ അജിന്‍ക്യ രഹാനെ. മുംബൈ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചുവരുന്നതോടെ ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് മാറിനില്‍ക്കേണ്ടിവരും.

അടുത്ത ടെസ്റ്റില്‍ വിരാട് തിരിച്ചുവരും. ടീം ഘടനയെപറ്റി മുംബൈയിലെ മത്സരംവരെ കാത്തിരിക്കാം. അതേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അക്കാര്യത്തില്‍ ടീം മാനജ്‌മെന്റ് തീരുമാനം കൈക്കൊള്ളുമെന്നും രഹാനെ വ്യക്തമാക്കി.

മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലെത്തുമ്പോള്‍, ഫോമിലല്ലാത്ത രഹാനെയെ മാറ്റിനിര്‍ത്തണമെന്നാണ് മുന്‍ താരങ്ങളില്‍ ചിലരടക്കം ആവശ്യപ്പെടുന്നത്. കാണ്‍പൂരില്‍ സെഞ്ച്വറിയും അര്‍ദ്ധ ശതകവും നേടിയ ശ്രേയസ് അയ്യരെ തഴയുന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ മധ്യനിരയിലെ പ്രമുഖരിലൊരാള്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന.