സെവാഗിനോട് ചെയ്തത് മറന്നിട്ടല്ലാ.., അടിക്ക് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ മാത്രം ഇന്ത്യ തരംതാഴ്ന്നിട്ടില്ല, ഓര്‍ത്തോളൂ ലങ്കക്കാരെ

സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിവാദമുണ്ടെങ്കില്‍ അത് ബൗളിംഗ് സമയത്ത് നോണ്‍-സ്ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുതയാണ്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലും മങ്കാദ് നടന്നെങ്കിലും, നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലില്‍ വിവാദമാകാതെ രംഗം ശാന്തമായി.

വെറ്ററന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇത്തവണ മങ്കാദിംഗ് നടത്തിയത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറില്‍ 98 റണ്ണുമായി നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന ദസുന്‍ ഷനകയാണ് ക്രീസില്‍ നിന്ന് പുറത്തുകടന്നത്. ഇതോടെ ഷമി തന്റെ ബോളിംഗ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തി നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡില്‍ ബെയില്‍സ് ഇളക്കി.

എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ മനോഹാരിത കണ്ട നിമിഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉടന്‍ തന്നെ അപ്പീല്‍ പിന്‍വലിച്ചു. മത്സരത്തില്‍ ഷനക സെഞ്ച്വറി നേടുകയും ചെയ്തു. ഈ അവസരത്തില്‍ മറ്റൊരു സംഭവം കുത്തിപൊക്കിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. അതൊരു ലങ്കന്‍ ചതിയുടെ കഥയാണ്.

2010ലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്ന പ്രശ്നം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റണ്‍സില്‍ കൂടാരം കയറി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

100 പന്തില്‍ 99 റണ്‍സില്‍ സെവാഗ് നില്‍ക്കുന്നു. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടും സെവാഗിന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വേണ്ടതും ഒരു റണ്‍സ്. പന്തെറിഞ്ഞ സൂരജ് രന്ദീവ് സെവാഗിന് സെഞ്ച്വറി നിഷേധിക്കാന്‍ മനപ്പൂര്‍വം നോബോള്‍ എറിഞ്ഞു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.