ഈഡന്‍ ഗാര്‍ഡനിലെ അവസാന പോരില്‍ സംഭവിച്ചത് വീണ്ടും ആവര്‍ത്തിക്കുമോ; ഭയപ്പാടില്‍ ലങ്കന്‍ ക്യാമ്പ്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരിക്കല്‍ കൂടി ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വരികയാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തിലും ലങ്കക്കാര്‍ അല്‍പ്പം അങ്കലാപ്പിലുമാണ്. കാരണം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയാണ്. ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍ 264 പിറന്നത് ഇവിടെ വെച്ച് ഇന്ത്യയും ലങ്കയും അവസാനം ഏറ്റുമുട്ടിയപ്പോഴായിരുന്നു.

2014 നവംബര്‍ 13നായിരുന്നു മത്സരം. അന്ന് ഓപ്പണറായി ഇറങ്ങിയ രോഹിത് നേടിയത് 173 പന്തില്‍ 264 റണ്‍സാണ് അടിച്ചൂകൂട്ടിയത്. ലങ്കന്‍ ബോളര്‍മാരെ നിഷ്‌കരുണം തല്ലി ചതച്ച രോഹിത് 33 ഫോറും ഒന്‍പത് സിക്‌സും പായിച്ചു. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അന്ന് പിറന്നു.

രോഹിത്തിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 404 റണ്‍സെടുത്തു. ശ്രീലങ്കയുടെ മറുപടി 251 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് 153 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായിരുന്നു. ഈ ആവേശത്തോടും പ്രതീക്ഷയോടും കൂടെയാണ് ആരാധകര്‍ ഇന്ന് ഈഡന്‍ ഗാര്‍ഡനിലേക്ക് കാതോര്‍ക്കുന്നത്.

ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ 67 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് വരുന്ന വിവരങ്ങള്‍ അനുസരിച്ച് രോഹിത് ശര്‍മ്മ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ഇലവനെ മാറ്റാന്‍ സാധ്യതയില്ല.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

ശ്രീലങ്കന്‍ സാധ്യതാ ഇലവന്‍: പാത്തും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, വണിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, കസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക.