ലേക്കറിനും കുംബ്ലെയ്ക്കും ലഭിച്ച സൗഭാഗ്യം;അജാസിനെ കൈവിട്ട വലിയ നേട്ടം

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റും വീഴ്ത്തി അത്യപൂര്‍വ്വവും മഹനീയവുമായ റെക്കോഡ് സ്വന്തമാക്കിയിട്ടും പരാജിതരുടെ വശത്ത് നില്‍ക്കാന്‍ വിധിക്കപ്പെടുക. മുംബൈ ടെസ്റ്റിന് ഇന്ത്യയുടെ വമ്പന്‍ ജയത്തോടെ തിരശീല വീണപ്പോള്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിനെ തേടിയെത്തിയത് അസാധാരണവും വേദനിപ്പിക്കുന്നതുമായ അനുഭവം. ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റ് നേട്ടത്തിലെ മുന്‍ഗാമികളായ ജിം ലേക്കറും അനില്‍ കുംബ്ലെയും വിജയമധുരം നുണഞ്ഞാണ് കളംവിട്ടത്. എന്നാല്‍ ജന്മനാടായ മുംബൈയിലെ മൈതാനം അജാസിന് ആ സന്തോഷം നല്‍കിയില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒരു ഇന്നിംഗ്‌സില്‍ പത്ത് എതിരാളികളെയും പുറത്താക്കിയ താരമായി 1956ലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജിം ലേക്കര്‍ മാറുമ്പോള്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കുമേല്‍ ഉശിരന്‍ ജയവുമായാണ് കരകയറിയത്. പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 170 റണ്‍സിനും കംഗാരുക്കളെ ഇംഗ്ലീഷ് പട തകര്‍ത്തുവിട്ടു. പീറ്റര്‍ റിച്ചാര്‍ഡ്‌സന്റെയും (104) ഡേവിഡ് ഷെപ്പേര്‍ഡിന്റെയും (113) സെഞ്ച്വറികളും ഇംഗ്ലണ്ടിന്റെ വമ്പന്‍ ജയത്തില്‍ നിര്‍ണായകമായി. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ആകെ 19 വിക്കറ്റുകളാണ് ലേക്കര്‍ പോക്കറ്റിലാക്കിയത്.

ഒരു ടീമിലെ പത്ത് ബാറ്റര്‍മാരെയും ഔട്ടാക്കുന്നതില്‍ ലേക്കറിന്റെ തൊട്ടടുത്ത പിന്‍ഗാമിയായ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയും വ്യക്തിഗതമായ വലിയ റെക്കോഡിനൊപ്പം ടീമിന്റെ വിജയ മധുരവും നുകര്‍ന്നു. 1999ലെ ഫിറോസ് ഷാ കോട്‌ല ടെസ്റ്റില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ 212 റണ്‍സിനാണ് ഇന്ത്യ നിലംപരിശാക്കിയത്. രണ്ട് ഇന്നിംഗ്‌സിലുമായി 14 പാക് ബാറ്റര്‍മാരെ കുംബ്ലെ കൂടാരംപൂകിച്ചു. സദഗോപന്‍ രമേശ് (60, 96), ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ (67), സൗരവ് ഗാംഗുലി (62 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളും ഇന്ത്യയുടെയും കുംബ്ലെയുടെയും പടയോട്ടത്തിന് അടിത്തറ പാകി.

പക്ഷേ, ലേക്കറിനെയും കുംബ്ലയെയും ഒപ്പംപിടിച്ച അജാസിന് വിജയത്തിലൂടെ ഇരട്ടി സന്തോഷം നല്‍കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചില്ല. ബാറ്റിംഗ് നിര അമ്പേ പാളിയപ്പോള്‍ 372 റണ്‍സിന്റെ കനത്ത പരാജയം കിവികള്‍ ഏറ്റുവാങ്ങി. അജാസ് പട്ടേലിന്റെ സുവര്‍ണ നേട്ടത്തിന് അര്‍ഹിച്ച സമ്മാനം നല്‍കാന്‍ ന്യൂസിലന്‍ഡിനായില്ലെന്ന് കിവി ആരാധകര്‍ പരിതപിക്കുന്നു.