ഞങ്ങള്‍ അസ്വസ്ഥരാണ്, വിരമിക്കലിന് പിന്നാലെ പൊട്ടിത്തെറിച്ച് ബെന്‍ സ്‌റ്റോക്‌സ്

ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കടുപ്പമേറിയ മത്സര ഷെഡ്യൂളുകള്‍ക്കെതിരെ തുറന്നടിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. പെട്രോളൊഴിച്ച് ഓടിക്കാവുന്ന കാറുകള്‍ അല്ല കളിക്കാരെന്ന് താരം തുറന്നടിച്ചു.

‘ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാലിപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്നതിനൊപ്പം ഒരുപാട് മത്സരങ്ങളും മുന്‍പില്‍ വരുന്നു. ഇവിടെ എന്റെ ശരീരത്തെ എനിക്ക് ശ്രദ്ധിക്കണം. കാരണം എത്രത്തോളം കൂടുതല്‍ നാള്‍ ക്രിക്കറ്റില്‍ നില്‍ക്കാനാവുമെന്നാണ് ഞാന്‍ നോക്കുന്നത്. പെട്രോള്‍ ഒഴിച്ച് ഓടിക്കാവുന്ന കാറുകള്‍ അല്ല ഞങ്ങള്‍’ സ്റ്റോക്ക്സ് പറഞ്ഞു.

ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന തന്റെ അവസാന ഏകദിന മത്സരത്തിന് മുമ്പു സംസാരിക്കവേയാണ് താരം അസ്വസ്ഥത പരസ്യമാക്കിയത്. 31ാം വയസില്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള സ്റ്റോക്ക്സിന്റെ തീരുമാനം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇടവേളകള്‍ ഇല്ലാത്ത ക്രിക്കറ്റ് ഷെഡ്യൂളുകളാണ് സ്റ്റോക്ക്സിന്റെ വിരമിക്കലിലേക്ക് കൊണ്ടെത്തിച്ചത് എന്ന വിമര്‍ശനം ശക്തമാണ്.

ചൊവ്വാഴ്ച ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ അവസാന ഏകദിനത്തിനിറങ്ങിയ സ്റ്റോക്‌സിനെ നിറഞ്ഞ കൈയടികളുമായാണ് കാണികള്‍ സ്വീകരിച്ചത്. നിറകണ്ണുകളോടെയാണ് താരം മൈതാനത്തേക്ക് ഇറങ്ങിയത്. എന്നാല്‍ അവസാന ഏകദിനം അത്ര സുഖമുള്ള ഓര്‍മകളല്ല താരത്തിന് സമ്മാനിച്ചത്.

Read more

മത്സരത്തില്‍ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്റ്റോക്‌സിന് തിളങ്ങാനായില്ല. മത്സരത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ സ്റ്റോക്‌സ് 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 11 പന്തുകള്‍ മാത്രം നേരിട്ട സ്റ്റോക്‌സിന് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. 62 റണ്‍സിന് ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു.