കെ.കെ.ആറിലെ സി.ഇ.ഒ വിവാദം: ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് ജഡേജ

കെകെആര്‍ ടീം സിഇഒ വെങ്കി മൈസൂരും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നുണ്ടെന്ന നായകന്‍ ശ്രേയസ് അയ്യരുടെ പ്രസ്താവന തന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. കെകെആര്‍ ടീം നടത്തിപ്പു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സിഇഒയ്ക്കുള്ള പങ്കിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അജയ് ജഡേജ പറഞ്ഞു.

‘ഇക്കാര്യം എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. കൊല്‍ക്കത്ത സിഇഒയുടെ ടീമാണ്. കൊല്‍ക്കത്ത ജയിച്ചാല്‍ പ്രശംസയും തോറ്റാല്‍ പഴിയും സിഇഒയ്ക്കാണ്. എല്ലായ്‌പ്പൊഴും ഇത് ഇങ്ങനെതന്നെയായിരുന്നു. നമ്മള്‍ ഇതു മുമ്പ് കണ്ടിട്ടുമുണ്ട്. ഈ വിഷയത്തില്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും.’

‘ചിലര്‍ പറയും ടീം സിലക്ഷനില്‍ സിഇഒയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന്. ചിലര്‍ പറയും കോച്ചിനെത്തന്നെ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല, എല്ലാം ക്യാപ്റ്റനാണു തീരുമാനിക്കേണ്ടതെന്ന്. ചിലര്‍ പറയും ക്യാപ്റ്റന്‍ തന്നെ ടീമിലുണ്ടാകണമെന്നു നിര്‍ബന്ധമില്ലല്ലോ, അപ്പോള്‍ കാര്യങ്ങള്‍ സിഇഒ തീരുമാനിക്കട്ടെ എന്ന്’ ജഡേജ പറഞ്ഞു.

‘പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐപിഎല്‍ കളിച്ച് തുടങ്ങിയ സമയത്ത് ഞാനും അതുപോലൊരു സ്ഥാനത്തായിരുന്നു. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നത്’ എന്നായിരുന്നു ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍.

ശ്രേയസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടീമിനെ തിരഞ്ഞെടുക്കാന്‍ ആ ടീമിന്റെ ക്യാപ്റ്റന് അധികാരം നല്‍കാത്ത കെകെആര്‍ മാനേജ്മെന്റ് തോല്‍വികള്‍ ഇരന്നു വാങ്ങിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.