ഞങ്ങൾക്ക് ബുംറ ഇല്ല ചെക്ക്, ഞങ്ങൾക്ക് അഫ്രീദി ഇല്ല ചെക്ക്; എന്താടാ രോഹിതേ ഹാപ്പി ആയോ

ഏഷ്യ കപ്പിലെ കിരീടം തേടി ഇറങ്ങുന്ന പാകിസ്താന് അപ്രതീക്ഷിത തിരിച്ചടിയായി സൂപ്പർ താരം ഷഹീൻ അഫ്രീദിയുടെ പരിക്ക്.പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി ഏഷ്യ കപ്പില്‍ നിന്നും പിന്മാറി. ഇന്ത്യയുൾപ്പടെയുള്ള പ്രധാന രാജ്യങ്ങളെ നേരിടാൻ ഇറങ്ങുമ്പോൾ പാകിസ്താന്റെ പ്രധാന ആയുധം ആകേണ്ടിയിരുന്ന ആളായിരുന്നു താരം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഏറ്റവും കൂടുതൽ തവണ 20 -20യിൽ പുറത്താക്കിയതും അഫ്രീദിയാണ്.

വലത്തേ കാല്‍മുട്ടിനേറ്റ പരിക്കുമൂലം അഫ്രീദി നിലവില്‍ ചികിത്സയിലാണ്. ലോകകപ്പ് പടിവാതിക്കൽ നിൽക്കെ താരത്തിൻറെ കാര്യത്തിൽ റിസ്ക് എടുക്കാൻ പാകിസ്ഥാൻ തയ്യാറല്ല. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ മുൻനിരയെ തകർത്തത് അഫ്രിദി ആയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് അഫ്രീദിയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് ആറാഴ്ചത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്.

പാകിസ്താന്റെ കാര്യത്തിൽ എന്നപോലെ തന്നെ ഇന്ത്യക്കും ശക്തമായ തിരിച്ചടിയാണ് ബുമ്രയുടെ പരിക്ക്. അതിനാൽ തന്നെ രണ്ട് സൂപ്പർ ബൗളർമാരുടെ അഭാവം ടൂർണമെന്റിന്റെ ആവേശം കെടുത്തുമോ എന്നാണ് ആരാധകരുടെ സംശയം.

ഓഗസ്റ്റ് 28നാണ് ഏവരും കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം.