'പന്തിന്റെ ഫോം വീണ്ടെടുക്കണമെങ്കില്‍ നാലാം സ്ഥാനക്കാരനായി കളിപ്പിക്കുന്നത് നിര്‍ത്തണം'; വിമര്‍ശിച്ച് ലക്ഷ്മണും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിലും ഋഷഭ് പന്ത് നിരാശപ്പെടുത്തി. അടുത്ത പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തുമോ എന്ന് ഉറപ്പില്ല. ഇതിനിടെ ആകാശ് ചോപ്രയും സുനില്‍ ഗവാസ്‌കറും പന്തിനെ നാലാം സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും പന്തിന്റെ ബാറ്റിങ് ശൈലിയെ വിമിര്‍ശിച്ചിരുന്നു.

ഇപ്പോഴിത ചോപ്രയും ഗവാസ്‌കറും അഭിപ്രായപ്പെട്ട അതേകാര്യം മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണും അഭിപ്രായപ്പെട്ടിരിക്കുന്നു. പന്തിനെ ശൈലി നാലാം സ്ഥാനത്തിന് യോജിച്ചതല്ലെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു… “”ഫോം വീണ്ടെടുക്കാന്‍ ഋഷഭ് പന്ത് നാലാം സ്ഥാനത്ത് നിന്ന് മാറണം. പന്തിന്റെ ശൈലി ആ സ്ഥാനത്തിന് യോജിച്ചതല്ല. 21കാരനായ പന്തിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ല.

ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയോ അല്ലെങ്കില്‍ ശ്രേയസ് അയ്യരോ കളിക്കണം. പന്തിന് ആ സ്ഥാനത്ത് കളിക്കാനുള്ള സാങ്കേതിക തികവില്ല. ബാറ്റിങ് ഓര്‍ഡറില്‍ കളിച്ചാല്‍ അദ്ദേഹത്തിന് കുറച്ചുകൂടെ ആക്രമിച്ച് കളിക്കാന്‍ സാധിക്കും.”” ലക്ഷ്മണ്‍ പറഞ്ഞു നിര്‍ത്തി.