വിവിയന്‍ അലക്‌സാണ്ടര്‍ റീച്ചാര്‍ഡ്സ്- പൊളിറ്റിക്കല്‍ കറക്ടനെസ്സില്ലാത്തൊരു ഫ്യൂഡല്‍ മാടമ്പി

പുല്‍മൈതാനങ്ങളെ കാശപ്പുശാലകളാക്കിയിരുന്ന അയാളുടെ വീരകഥകള്‍ തൂലികയില്‍ പകര്‍ത്തുവാന്‍, ലൈവ് കണ്ട മത്സരങ്ങളുടെ ഓര്‍മ്മസമ്പത്തൊ ട്ടുമില്ലത്തയൊരാളാണ് ഞാന്‍. 90കളുടെ മദ്ധ്യത്തില്‍ ഞാന്‍ കളി കണ്ടു തുടങ്ങുന്നതിനു മുമ്പേ തന്നെ അയാള്‍ ഇരുപത്തിരണ്ടുവാരയോട് വിട പറഞ്ഞിരുന്നു.

ബൗളേഴ്സിനെ തല്ലികോലം മാറ്റുന്ന, ബൗണ്‍സറുകള്‍ക്കു നിയന്ത്രണമില്ലാതിരുന്ന കാലത്ത് ഹെല്‍മെറ്റ് വെയ്ക്കാതെ ബാറ്റ് ചെയ്തിരുന്ന അയാളെക്കുറിച്ച് വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകള്‍, മനസ്സിലയാള്‍ക്കൊരു ‘ഫ്യൂഡല്‍ മാടമ്പിയുടെ’ പരിവേഷം നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് സൃഷ്ടിച്ചു വെച്ച, മോഹന്‍ലാല്‍ ശരീരവും ശാരീരവും നല്‍കിയ, ഈ കാലഘട്ടം ഡിമാന്‍ഡ് ചെയ്യുന്ന സോകോള്‍ഡ് പൊളിറ്റിക്കല്‍ കറക്ട്‌നസ് ഒട്ടുമ്മില്ലാത്തൊരു ഫ്യൂഡല്‍ മാടമ്പിയുടെ പരിവേഷം.

ചൂയിംഗം ചവച്ചരച്ചു കൊണ്ട് ധിക്കാരവും ആത്മവിശ്വാസവും അലങ്കരിക്കുന്ന മുഖഭാവത്തോടെ, നിര്‍ജ്ജീവമായ നിശബ്ദതയ്ക്കും ആരാധകരുടെ ആഹ്ലാദത്തിനുമിടയിലൂടെ, കയ്യില്‍ ഇംഗ്ലീഷ് വില്ലോയുമായി അയാള്‍ നടന്നടുക്കുമ്പോള്‍, മൈതാനത്ത് കാത്ത് നില്‍ക്കുന്ന എതിരാളികളുടെ യുള്ളില്‍ ആകാരണമായൊരു ഭയം ജനിക്കുകയാണ്. കുളപ്പള്ളി മനയുടെ പടിപ്പുരവാതില്‍ തുറന്ന് കടന്നു വരുന്നൊരു ജഗന്‍നാഥനെ വീക്ഷിക്കുന്ന അഫ്പന്‍ തമ്പുരാന്റെയും അനുചരന്‍മാരെടേയും ഉള്ളിലെന്നപോലെ, അയാളുടെ ഓരോ ചുവടുവെപ്പിനനുസരിച്ച് എതിരാളികളുടെയുള്ളിലും ഭയം വളരുകയാണ്. എതിര്‍ ക്യാപ്റ്റന്‍മാര്‍ തങ്ങളുടെ ബൗളര്‍മ്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ‘അവനെ സൂക്ഷിക്കുക, അവന്റെ കണ്ണുകളില്‍ എന്തൊ തീഷ്ണതയോടെ കത്തുന്നു.’

നാഗ്പൂരില്‍ വെങ്ക്‌സര്‍ക്കാറും, കെന്നിങ്ങ്ടണ്‍ ഓവലില്‍ ബെയ്‌ലിയും, ഔട്ടല്ലായിരുന്നു എന്ന് തീര്‍ച്ചയുണ്ടായിട്ടും, അമ്പയര്‍മാര്‍ ഔട്ട് വിളിച്ചത് ഗ്രൗണ്ടിലെ അയാളുടെ ഇന്റിമിഡേറ്റിംഗ് പ്രെസെന്‍സ് കൊണ്ടായിരുന്നു. അതെ ചിലപ്പോഴൊക്കെ അയാള്‍, ഭാനുമതിയെ ബ്ലാക്ക്‌മെയിലു ചെയ്യ്തു നൃത്തം ചെയ്യിച്ച നീലകണ്ഠനെപ്പോലെ, അമ്പയര്‍മാരെ തന്റെ ഇoഗിതങ്ങള്‍ക്കനുസരിച്ചു നൃത്തം ചെയ്യിക്കാറുണ്ടായിരുന്നു. ഔട്ട് സ്വിങ്ങറുകള്‍ കൊണ്ട് അയാളെ തുടര്‍ച്ചയായി ബീറ്റ് ചെയ്യിച്ചിട്ട് ‘ചുവന്നുരുണ്ട് അഞ്ചവുണ്‍സ് ഭാരമുള്ള സാധനമാണത്, നീ കാണുന്നില്ലേ .’ എന്നു ചോദിച്ച ഇംഗ്ലണ്ടുകാരന്‍ ഗ്രെഗ് തോമസിന്റെ അടുത്ത പന്ത് അടിച്ചു പറത്തി സ്റ്റേഡിയത്തിനു വെളിയിലുള്ള നദിയിലിട്ടിട്ട്, ‘നീ പോയി തപ്പിയെടുക്ക്. നിനക്കാ വുമ്പോളതിന്റെ നിറവും, വലുപ്പവുമൊക്കെ കൃത്യമായിയറിയാമെല്ലോ ‘ എന്ന് തിരിച്ചടിച്ചിട്ടുണ്ട് അയാള്‍. കൂട്ടികിഴിച്ചു നോക്കിയാല്‍ ലാഭം തനിക്കാണെന്നു പറഞ്ഞൊരു മണപ്പള്ളി പവിത്രനെ അടിച്ച് ശവക്കോലമാക്കിയ ശേഷം, ‘ഇത് ലാഭത്തിന്റെയൊപ്പമുള്ള പലിശയാടാ ‘ എന്ന് പറഞ്ഞൊരു ഇന്ദുചൂഡനെപ്പോലെ.

വിവാഹിതനും, രണ്ടു മക്കളുടെ പിതാവുമായിരുന്നിട്ടും, അയാളിലേക്ക് ആകൃഷ്ടയായി ചെന്ന ബോളിവുഡ് നടി നീനാ ഗുപ്തയെ വായിക്കുമ്പോള്‍, ‘തേടി വന്നതല്ല, ആ പൗരുഷത്തിന് മുന്‍പില്‍ ഞാന്‍ ചെന്ന് വീഴുകയായിരുന്നു ‘ എന്ന പറഞ്ഞ ഏഴിലക്കരയിലെ സുഭദ്രാമ്മയെ ഓര്‍ത്തുപോകാറുണ്ട് ഞാന്‍. ബാര്‍ബഡോസില്‍, തുടരെ തുടരെ ബൗണ്‍സറുകളെറിഞ്ഞു തന്റെ തൊപ്പി തെറുപ്പിച്ചു കൊണ്ട് സ്ലെഡ്ജ് ചെയ്ത പത്തൊമ്പതുകാരന്‍ വസീം അക്രത്തിന്, ഏഴിലക്കരയില്‍ പുതിയതായി ചാര്‍ജെടുത്ത സബ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ നീലകണ്ഠനെപ്പോലെ അയാളൊരു മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.

‘കൊന്നുകളയും ഞാന്‍. പുതിയ ആളായത് കൊണ്ടാണ്, ബാക്കിയുള്ളവരോട് ചോദിച്ചാല്‍ മതി എന്നെ കുറിച്ച് പറഞ്ഞു തരും’. ഭീഷണി വകവെയ്ക്കാതെ വീണ്ടും തലയ്ക്ക് നേരെ ബൗണ്‍റുകള്‍ വര്‍ഷിച്ച അക്രത്തിന്റെ തല തല്ലിപൊളിക്കുവാന്‍ പാക് ഡ്രസിങ് റൂമിനു മുന്‍പില്‍ കയ്യിലൊരു ക്രിക്കറ്റ് ബാറ്റുമായി മദയാനയെ പോലെ, വൈകുന്നേരം അയാള്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ‘സര്‍ ഐസക്ക് വിവിയന്‍ അലക്‌സാണ്ടര്‍ റീച്ചാര്‍ഡ്സ് ‘

കളിക്കളത്തിനകത്തും പുറത്തും സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ക്കുള്ളതു പോലെ, സത്യന്‍ അന്തിക്കാട് നായകന്റെ ‘ജന്റില്‍ മാന്‍ ഇമേജ്’ അയാള്‍ക്കില്ലായിരുന്നു. പക്ഷെ, എന്തുകൊണ്ടോ അയാളെ എനിക്ക് വല്ലാതെ ഇഷ്ടമാണ്. ഡെന്നിസ് ലില്ലിയെയും, ജെഫ് തോമസ്‌ണെയും, ഇമ്രാന്‍ ഖാനെയും, റീചാര്‍ഡ് ഹാഡ്‌ലിയെയുമൊക്കെ അടിച്ചു പറത്തിയ വലിയ ചട്ടമ്പിയായിരുന്ന അയാളുടെ പൊളിറ്റിക്കല്‍ കറക്ടനെസ്സ് തീരെയില്ലാത്തൊരാ ഫ്യൂഡല്‍ മാടമ്പി പരിവേഷവും ഇഷ്ടമാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍