ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്ന വാര്‍ത്താസമ്മേളനം ഏഴ് മണിക്കോ?

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ഏഴ് മണിയ്ക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുമോ? ക്രിക്കറ്റ് ലോകത്ത് പടരുന്ന റൂമറുകള്‍ ഇത്തരത്തിലാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് പിന്നാലെയാണ് ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ 2016 ടി20 ലോക കപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്ലി പങ്കുവെച്ചത്. ‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി എന്നെ ഓടിച്ചു’ എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

ഇതോടെയാണ് ധോണി വിരമിക്കുകയാണ് എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോഹ്ലി ഇപ്പോള്‍ എന്തിന് ഈ ചിത്രം പോസ്റ്റ് ചെയ്‌തെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇത് ധോണി വിരമിക്കുന്നതിന് മുന്നോടിയായിട്ടുളള സൂചനയായാണ് പലരും വിലയിരുത്തുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാതെ ധോണി അവധിയിലാണ്. ഏകദിന ലോക കപ്പിലാണ് ധോണി അവസാനമായി ടീം ഇന്ത്യയ്ക്കായി കളിച്ചത്.