രണ്ടാം ധോണിയാകാനുളള പന്തിന്റെ ശ്രമം, അസ്വസ്ഥനായി കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി നിരാശാജനകമായിരുന്നു. 350 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്തിട്ടും പരാജയം രുചിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ അത്ര നല്ല വാര്‍ത്തയായിരുന്നില്ല. മത്സരത്തില്‍ മൈതാനത്ത് മഹേന്ദ്ര സിംഗ് ധോണിയെന്ന വിക്കറ്റ് കീപ്പറുടെ അസാന്നിദ്ധ്യവും ഏറെ ശ്രദ്ധേയമായി.

ധോണിയ്ക്ക് പകരം റിഷഭ് പന്തായിരുന്നു കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞത്. ബാറ്റിംഗില്‍ 36 റണ്‍സെടുത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചെങ്കിലും വിക്കറ്റിന് പിന്നില്‍ ശരാശരിയിലും താഴെയുളള പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്.

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ നാല്‍പ്പത്തിനാലാം ഓവറില്‍ ധോണി മോഡല്‍ റണ്ണൗട്ട് ശ്രമം നടത്തിയത് പാളിയപ്പോള്‍ നായകന്‍ കോഹ്ലിയുടെ രോഷവും പന്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ഓസീസ് ഇന്നിംഗ്‌സിന്റെ 44-ാം ഓവറിലാണ് സംഭവം. അലക്‌സ് കാരിയാണ് ബാറ്റ് ചെയ്യുന്നത്. ചഹലെറിഞ്ഞ പന്ത് കാരിയുടെ ബാറ്റിലും പാഡിലുമായി കൊണ്ട് താഴെ വീണു. ഈ സമയം കാരി ക്രീസിന് പുറത്തായിരുന്നു.

ഒരു റണ്ണൗട്ട് അവസരം മുന്നില്‍ കണ്ട പന്താകട്ടെ ധോണി ചെയ്യാറുള്ളത് പോലെ സ്റ്റമ്പിലേക്ക് നോക്കാതെ നോ ലുക്ക് റണ്ണൗട്ടിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പന്തിന്റെ ശ്രമം പാളി. വിക്കറ്റില്‍ കൊള്ളാതെ പോയ പന്തില്‍ ഓസീസ് താരങ്ങള്‍ ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തു.

ഇത് കണ്ട് ഫീല്‍ഡില്‍ നിന്നിരുന്ന ഇന്ത്യന്‍ നായകന്‍ കോഹ്ലി അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.