റാങ്കിംഗിലും മുഖത്തടിയേറ്റ് ഭുംറ, കുതിച്ച് ബാബര്‍ അസം

ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിലും തിരിച്ചടിയേറ്റ് പേസ് ബൗളര്‍ ജസ്പ്രിത് ഭുംറ. ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതിരുന്ന ഭുംറ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിയ്ക്കുകയാണ്.

ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 727 റേറ്റിംഗ് പോയന്റുള്ളമായാണ് ബോള്‍ട്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഭുംറയ്ക്ക് 719 റേറ്റിംഗ് പോയന്റാണുള്ളത്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരും ഇല്ല.

അതെസമയം ന്യൂസിലന്‍ഡിനെതിരെ മോശം പ്രകടനമായിരുന്നെങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. രോഹിത്താണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മുന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി.

ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത റോസ് ടെയ്ലര്‍ നാലാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ കോഹ്ലിക്കും രോഹിത്തിനും പുറമെ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരുമില്ല. ശിഖര്‍ ധവാന്‍ പത്തൊമ്പതാം സ്ഥാനത്താണ്.

ഓള്‍ റൗണ്ടര്‍മാരില്‍ മുഹമ്മദ് നബി ഒന്നാമതും ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തും തുടരുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാ സ്ഥാനത്തേക്ക് ഉയര്‍ന്നു.