'മൂന്നാം ടെസ്റ്റില്‍ കോഹ്‌ലി ഒരു കാരണവശാലും കളിക്കാന്‍ പാടില്ല'; വിലക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഒരു കാരണവശാലും കളിക്കാന്‍ അനുവദിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ലോയിഡ്. രണ്ടാം ടെസ്റ്റില്‍ അമ്പയര്‍ നിതിന്‍ മോനോനോട് കയര്‍ത്ത കോഹ്‌ലിയെ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കണമെന്നാണ് ലോയിഡിന്റെ ആവശ്യം.

“വേറെ ഏതെങ്കിലും ഒരു കളിയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു പെരുമാറ്റത്തിന് കോഹ്‌ലിയെ അപ്പോള്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു. ഈ കാരണം കൊണ്ടുതന്നെ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കോഹ്‌ലിയെ കളിപ്പിക്കരുത്. എന്തു കൊണ്ടാണ് ഈ വിഷയത്തില്‍ കോഹ്‌ലിക്കെതിരേ അച്ചടക്കനടപടി ഒന്നും ഉണ്ടാവാതിരുന്നത്.”

Image result for david lloyd kohli

“ഒരു ടീം ക്യാപ്റ്റന് പിച്ചില്‍ വച്ച് അമ്പയറെ ശകാരിക്കാനും ഭീഷണിപ്പെടുത്താനും പരിഹസിക്കാനും മാത്രം അനുവാദം നല്‍കുന്നത്രയും പഴഞ്ചനാണോ ക്രിക്കറ്റ്. ക്രിക്കറ്റിലും മഞ്ഞയും ചുവപ്പും കാര്‍ഡ് ഏര്‍പ്പെടുത്തുക മാത്രമാണ് ഇതുപോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം. രണ്ടാം ടെസ്റ്റിലെ സംഭവത്തിന് കോഹ്‌ലിക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ടതാണ്. മാച്ച് റഫറി ജവഗല്‍ ശ്രീനാഥില്‍ നിന്നും നടപടിയൊന്നും ഉണ്ടായില്ല” ലോയിഡ് പറഞ്ഞു.

Image result for david lloyd kohli

രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനത്തിലായിരുന്നു ഫീല്‍ഡ് അമ്പയറും മലയാളിയുമായ നിതിന്‍ മേനോനുമായി കോഹ്‌ലി കയര്‍ത്തത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോഹ്‌ലി ഡിആര്‍എസിന്റെ സഹായം തേടി. പക്ഷെ തേര്‍ഡ് അമ്പയറുടെ തീരുമാനവും നോട്ടൗട്ടെന്നായിരുന്നു. ഇതാണ് കോഹ്‌ലിയെ രോഷാകുലനാക്കിയത്.