'അമിതാവേശത്തിലൊന്നും കാര്യമില്ല, കിരീടം നേടിയാലേ ജനങ്ങള്‍ ഓര്‍മ്മിക്കുകയുള്ളു'; കോഹ്‌ലിയെ കുത്തിനോവിച്ച് പാക് മുന്‍ താരം

ക്രിക്കറ്റില്‍ ഒരു കിരീടം പോലും നേടിയില്ലെങ്കില്‍ മികച്ച നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലിയെ ആരും ഓര്‍മ്മിക്കില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ ന്യൂസിലന്‍ഡിനോട് അടിയറവു പറഞ്ഞതിനു പിന്നാലെയാണ് ബട്ടിന്റെ വിമര്‍ശനം.

“നിങ്ങള്‍ വളരെ നല്ല ക്യാപ്റ്റനാകാം, പക്ഷേ നിങ്ങള്‍ ഒരു കിരീടവും നേടിയില്ലെങ്കില്‍ ജനങ്ങള്‍ നിങ്ങളെ ഓര്‍മ്മിക്കില്ല. ഒരുപക്ഷേ നിങ്ങള്‍ ഒരു നല്ല ക്യാപ്റ്റനും നിങ്ങള്‍ക്ക് നല്ല പ്ലാനുകളും ഉണ്ടായിരിക്കാം. പക്ഷേ നിങ്ങളുടെ ബോളര്‍ക്ക് അത് നടപ്പിലാക്കാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ ഭാഗ്യം നിങ്ങളുടെ ഭാഗത്തും ഉണ്ടായിരിക്കണം. ടൂര്‍ണമെന്റുകളില്‍ വിജയിക്കുന്നവരെ മാത്രമേ ആളുകള്‍ ഓര്‍മ്മിക്കുകയുള്ളൂ.”

Salman Butt and Virat Kohli

“വിരാട് കോഹ്ലി ഒരു ഐസിസി കിരീടവും നേടിയിട്ടില്ല. അദ്ദേഹം ഒരു മികച്ച ക്ലാസ് കളിക്കാരനും മികച്ച ശരീരഭാഷയുള്ളവനുമാണ്. അവന്റെ എനര്‍ജി നില മറ്റൊരു തലത്തിലാണ്. കൂടാതെ കളിക്കാനിറങ്ങിമ്പോള്‍ തന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍മാര്‍ അതിസൂക്ഷ്മരായിരിക്കണം, അല്ലാതെ അമിത വികാര ആവേശമല്ല വേണ്ടത്” ബട്ട് പറഞ്ഞു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തുടരെ തുടരെ പരാജയപ്പെടുന്നതിനെ തുടര്‍ന്ന് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നു മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ കോഹ്‌ലി ക്രിക്കറ്റ് ലോകത്ത് ഒന്നാമത് നില്‍ക്കുമ്പോഴും ടീമിന് ഒരു പ്രധാന കിരീടം നേടികൊടുക്കാന്‍ സാധിച്ചില്ല എന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.