അവിശ്വസനീയ തന്ത്രവുമായി ഡുപ്ലെസിസ്, എന്നിട്ടും സംഭവിച്ചത്

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റ് നടക്കുന്ന റാഞ്ചിയില്‍ ടോസിടാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് എത്തിയത് സഹതാരത്തേയും കൂട്ടി. ടോസിംഗില്‍ നിരന്തരമായി പരാജയപ്പെടുന്നതില്‍ മനംമടുത്തായിരുന്നു ഡുപ്ലെസിസിന്റെ അറ്റകൈ പ്രയോഗം.

എന്നാല്‍ പതിവ് പോലെ ഇത്തവണയും ഡുപ്ലെസിസ് ടോസിംഗ് പരാജയപ്പെട്ടു. ടോസ് ലഭിച്ച വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ ടോസ് ഭാഗ്യം തുണയ്ക്കാത്തതിനാലാണ് ഡുപ്ലെസിസ് ഉപനായകന്‍ ടെംബ ബാവുമയെ കൂട്ടി ടോസിംഗിനെത്താന്‍ തീരുമാനിച്ചത്. ടോസ് വിളിക്കുകയായിരുന്നു ബാവുമയുടെ ദൗത്യം. എന്നാല്‍ ബാവുമയും പരാജയപ്പെട്ടു.

അതേ സമയം ഇതാദ്യമായല്ല ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ്, പ്രോക്‌സി ക്യാപ്റ്റനുമായി ടോസിംഗിനെത്തുന്നത്. നേരത്തെ 2018 ല്‍ സിംബാബ്വെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സഹതാരം ജെ പി ഡുമിനിയെയായിരുന്നു ടോസിംഗിനായി ഡുപ്ലെസിസ് കൂടെ കൂട്ടിയത്.

മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ മൂന്ന് വിക്കറ്റും കള്‍ അനായാസം സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. നിലവില്‍ രോഹിത്തും രഹാനയുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍.