വിരാടും രോഹിതും അവര്‍ക്കൊപ്പം വരില്ലെന്ന് വോണ്‍

ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിംഗ് നിര സുവര്‍ണ കാലത്തെ ഫാബുലസ് ഫൈവിനോളം വരില്ലെന്ന് ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വിരാട് കോഹ്ലിയുടെ നേട്ടങ്ങള്‍ മതിപ്പുളവാക്കുന്നതാണെങ്കിലും ടെസ്റ്റിലെ മൊത്തത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഫാബ് ഫൈവിന്റെ അടുത്തൊന്നും ഇപ്പോഴത്തെ ബാറ്റ്‌സ്മാന്‍മാര്‍ എത്തില്ലെന്നും വോണ്‍ പറഞ്ഞു.

സച്ചിനും ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണും സെവാഗും ചേര്‍ന്ന ഇന്ത്യയുടെ സുവര്‍ണ കാലത്തെ ബാറ്റിംഗ് നിരയുടെ നാലയലത്ത് എത്തില്ല വിരാടും സംഘവും. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കോഹ്ലി. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും കോഹ്ലി മികച്ചു നില്‍ക്കുന്നില്ല. ഫാബുലസ് ഫൈവിന്റെ കാര്യമെടുത്താല്‍ അവര്‍ എല്ലാ ഫോര്‍മാറ്റിലും തിളങ്ങിയതായി കാണാം. നിലവിലേതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിംഗ് നിരയെന്ന് പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല- വോണ്‍ പറഞ്ഞു.

വിരാടും രോഹിതും വേറിട്ടുനില്‍ക്കുന്ന കളിക്കാരാണ്. ഋഷഭ് പന്തും സൂപ്പര്‍ താരമാകും. എന്നാല്‍ അതിലുപരി പേസര്‍മാരാണ് നാട്ടിലേതിനു വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജയിക്കാന്‍ പാകത്തില്‍ ഇന്ത്യയെ ഉയര്‍ത്തിയതെന്ന് കരുതുന്നതായും വോണ്‍ കൂട്ടിച്ചേര്‍ത്തു.