ഐപിഎല്ലിലെ രണ്ടു മാച്ച് വിന്നര്‍മാരെ കൊണ്ടുവന്നത് വോണ്‍ ; അവരെ ഫലപ്രദമായി ഉപയോഗിച്ച് കപ്പടിച്ചത് ധോണി

അപ്രതീക്ഷിതമായിരുന്നു ഇതിഹാസതാരം ഷെയിന്‍ വോണിന്റെ മരണം. എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ പെടുന്ന താരത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ അനുസ്മരിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിലെ ഏറ്റവും വിലപ്പെട്ട ലീഗുകളില്‍ ഒന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച രണ്ടു മാച്ച് വിന്നര്‍മാരെ കണ്ടെത്തിയതും കുട്ടിക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് അവതരിപ്പിച്ചതും ഷെയിന്‍ വോണായിരുന്നു.

ഷെയിന്‍വോണ്‍ സംഭാവന ചെയ്ത താരങ്ങളെ വെച്ച് പിന്നീട് ഐപിഎല്ലില്‍ അനേകം തവണയാണ് ഐപിഎല്ലിലെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍ എംഎസ് ധോണി കപ്പടിച്ചത്. വോണിന്റെ നേതൃത്വത്തില്‍ ആദ്യ ഐപിഎല്ലില്‍ കിരീടം ചൂടിയത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. അധികം താരങ്ങളൊന്നുമില്ലാതെ വന്ന ഫ്രാഞ്ചൈസി വോണിന്റെ തന്ത്രമികവില്‍ കപ്പടിക്കുകയും ചെയ്തു. വോണ്‍ അന്ന് അവതരിപ്പിച്ച ഷെയിന്‍ വാട്‌സണും രവീന്ദ്ര ജഡേജയും അന്ന് രാജസ്ഥാന്റെ ജൈത്രയാത്രയില്‍ നിര്‍ണ്ണായ പങ്കു വഹിക്കുകയും പിന്നീട് ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തി ഐപിഎല്ലില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.

പ്രതിഭയുണ്ടായിട്ടും ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം കിട്ടാന്‍ താമസിച്ചുപോയ ഷെയിന്‍ വാട്‌സണ്‍ എന്ന ഓള്‍ റൗണ്ടറുടെ മികവ് ആദ്യം കണ്ടത് രാജസ്ഥാനില്‍ ആയിരുന്നു. വോണിന് കീഴില്‍ കളിക്കാനെത്തിയ വാട്‌സണ്‍ രാജസ്ഥാന്റെ കിരീടത്തില്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്. പ്രഥമ സീസണില്‍ 15 മല്‍സരങ്ങളില്‍ 472 റണ്‍സാണ് വാട്‌സണ്‍ അടിച്ചു കൂട്ടിയത്. പ്ലെയര്‍ ഓഫ് ദി സീരീസുമായി. 2020 ല്‍ ധോണിക്ക് കീഴില്‍ കളിച്ചാണ് വാട്‌സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

അനേകം സീസണുകളില്‍ ധോണിയുടെ തുറുപ്പ് ചീട്ടായിരുന്ന രവീന്ദ്ര ജഡേജ ഐപിഎല്ലില്‍ ഇറങ്ങിയതും വോണിന് കീഴിലായിരുന്നു. വിരാട് കോഹ്ലി കപ്പടിച്ച അണ്ടര്‍ 19 ലോകകപ്പിലെ ടീം അംഗമായിരുന്നു രവീന്ദ്ര ജഡേജയെ തൊട്ടുപിന്നാലെ രാജസ്ഥാനിലേക്ക് വോണ്‍ കൊണ്ടുവരികയായിരുന്നു. കൗമാര താരമായിരുന്ന ജഡേജ ആദ്യ സീസണില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് നടത്തിയത്. 14 വിക്കറ്റുകള്‍ വീഴ്ത്തി. പിന്നീട് അദ്ദേഹത്തെയും സിഎസ്‌കെ തന്നെ കൊണ്ടുപോയി.