വൈഭവ് ഒന്ന് കരുതിയിരുന്നോളു, ഇന്ന് നിന്നെ പുകഴ്ത്തുന്നവർ നാളെ തള്ളി പറയും: വിരേന്ദർ സെവാഗ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്ക് ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്. 6 വിക്കറ്റുകൾക്കാണ് രാജസ്ഥാൻ വിജയിച്ചത്. യുവ താരങ്ങളായ വൈഭവ് സൂര്യവൻഷിയുടെയും ദ്രുവ് ജുറലിന്റെയും മികവിലാണ് ആർസിബിയെ പരാജയപ്പെടുത്തിയത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ആർസിബി ബോളർമാർക്ക് മോശമായ സമയമാണ് താരങ്ങൾ നൽകിയത്.

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവൻഷി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.

ഇപ്പോഴിതാ റൺവേട്ടയിൽ ഒന്നാമനായി കുതിക്കുന്ന 15-കാരൻ വൈഭവ് സൂര്യവൻഷിയെ പ്രശംസിച്ചും ഒപ്പം ഒരു മുന്നറിയിപ്പ് നൽകിയും മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്ത് എത്തിയിരിക്കുകയാണ്.

“രോഹിത് ശർമ്മയോ ജയ്‌സ്വാളോ അഭിഷേക് ശർമ്മയോ ആകട്ടെ, ആർക്കാണ് 25 പന്തിൽ 78 റൺസ് എടുക്കാൻ കഴിയുക? അവന് മുന്നിൽ പന്തെറിയുന്നത് കുട്ടികളല്ല,” സെവാഗ് പറഞ്ഞു. എന്നാൽ വൈഭവ് നാളെ ഇതേ ശൈലിയിൽ കളിച്ച് പുറത്താകുമ്പോൾ ഇന്ന് പുകഴ്ത്തുന്നവർ തന്നെ അവനെ വിമർശിക്കുമെന്നും സെവാഗ് ഓർമ്മിപ്പിച്ചു.