ഐ.പി.എല്‍ 2020; രാജസ്ഥാനെ നയിക്കാന്‍ സര്‍പ്രൈസ് താരം

യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തുടക്കത്തില്‍ ഇന്ത്യന്‍ താരം ജയ്ദേവ് ഉനദ്ഘട്ട് നയിച്ചേക്കുമെന്ന്  റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരാന്‍ വൈകുമെന്നതിനാലാണ് ഈ ഉത്തരവാദിത്വം ഉനദ്ഘട്ടിലേക്ക് എത്തുന്നത്.

ഐ.പി.എല്ലിന് മുമ്പായി അടുത്തമാസം ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ പരമ്പര നടക്കുന്നതിനാലാണ് താരങ്ങള്‍ വൈകുന്നത്. മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളുമാണ് ഓസീസ് ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇംഗ്ലണ്ട് ടീമിലെ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട് ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരും ഓസീസ് താരമായ സ്റ്റീവ് സ്മിത്തും പരമ്പര പൂര്‍ത്തിയാക്കി ക്വാറന്റൈനും ശേഷമേ ടീമിനൊപ്പം ചേരു.

Steve Smith

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഉനദ്ഘട്ട് ഇതുവരെ ഐപിഎല്ലില്‍ നായകനായിട്ടില്ല. കഴിഞ്ഞ രഞ്ജി സീസണില്‍ സൗരാഷ്ട്രയെ മുന്നില്‍ നിന്ന് നയിച്ച ഉനദ്ഘട്ട് 67 വിക്കറ്റുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറുമായിരുന്നു. 2018 മുതല്‍ രാജസ്ഥാന്‍ താരമായ ഉനദ്ഘട്ട് ഐ.പി.എല്ലിലെ പൊന്നുവിലയുള്ള താരങ്ങളിലൊരാളാണ്.

Jaydev Unadkat

സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.