അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് റെക്കോഡ് സ്‌കോര്‍ ; ശിഖര്‍ ധവാന്റെ റെക്കോഡും തകര്‍ന്നു

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഉഗാണ്ടയ്ക്ക് എതിരേ ഇന്ത്യയ്ക്ക് റെക്കോഡ് സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 405 റണ്‍സ്.

ഓപ്പണര്‍ അംഗ്ക്രിഷ് രഘുവംശിയും രാജ്ബാവയും സെഞ്ച്വറി നേടി. ഏതൊരു ലോകകപ്പിലും ഏതൊരു ഏകദിനത്തിലും ഇന്ത്യയുടെ ഏതെങ്കിലും ഒരു ടീം അടിച്ചുകൂട്ടുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടി ഈ മത്സരത്തില്‍ പിറന്നു.

ഓപ്പണര്‍ അംഗ്ക്രിഷ് രഘുവംശി 144 റണ്‍സ് അടിച്ചപ്പോള്‍ രാജ് ബാവ പുറത്താകാതെ 162 റണ്‍സും എടുത്തു. 120 പന്തുകളില്‍ 22 ബൗണ്ടറികളും നാലു സിക്‌സറുകളും രഘുവംശിയുടെ ബാറ്റില്‍ നിന്നും പറന്നു. രാജ് ബാവ 108 പന്തില്‍ 162 റണ്‍സ് നേടിയപ്പോള്‍ 18 വര്‍ഷം മുമ്പ് ശിഖര്‍ ധവാന്‍ ഇട്ട റെക്കോഡാണ് മറികടന്നത്. സ്‌കോട്‌ലന്റിനെതിരേ 2004 ല്‍ ധാക്കയില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ശിഖര്‍ ധവാന്‍ നേടിയ 155 റണ്‍സിന്റെ റെക്കോഡാണ് രാജ്ബാവ തിരുത്തിയത്. 14 ബൗണ്ടറികളും എട്ടു സിക്‌സറുകളുമാണ് രാജ്ബാവ പറത്തിയത്. അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും മികച്ച എട്ടാമത്തെ ഇന്നിംഗ്‌സായിരുന്നു രാ്ജ് ബാവയുടേതേ്.

ശ്രീലങ്കയുടെ എച്ച് ബോയഗോഡ കെനിയയ്ക്ക് എതിരേ കഴിഞ്ഞ ടൂര്‍ണമെന്റില്‍ നേടിയ 191 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഇത് രണ്ടാം തവണയാണ് 400 കടക്കുന്നത്. 2004 ല്‍ ധവാന്റെ മികവില്‍ അന്ന് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 452 റണ്‍സ് നേടിയിരുന്നു.

ഓപ്പണര്‍ ഹാര്‍നൂര്‍ സിംഗും നായകന്‍ നിശന്ത് സന്ധുവും 15 റണ്‍സ് നേടി പുറത്തായി. കുശാല്‍ ടാംബേ 15 റണ്‍സ്് എടുത്തപ്പോള്‍ , ദിനേശ് ബാനാ 22 റണ്‍സും നേടി. അനീര്‍ ഗൗതം 12 റണ്‍സും നേടി. താരതമ്യേനെ ദുര്‍ബ്ബലരായ ഉഗാണ്ടയുടെ മൂന്ന് ബൗളര്‍മാരാണ് 70 ന് മേല്‍ റണ്‍സ് വഴങ്ങിയത്.

കളിയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാസ്‌ക്കല്‍ മുറംഗി 10 ഓവറില്‍ 72 റണ്‍സ് വഴങ്ങിയപ്പോള്‍ ജോസഫ് ബഗുമാ ഒമ്പത് ഓവറില്‍ 72 റണ്‍സും യുനുസു സോവോബി ഏഴു ഓവറുകളില്‍ 70 റണ്‍സും വഴങ്ങിയപ്പോള്‍ മുസുംഗുസി ആറ് ഓവറില്‍ വഴങ്ങിയത് 54 റണ്‍സായിരുന്നു. ആവശ്യത്തിന് എക്‌സ്ട്രായും നല്‍കി. 20 റണ്‍സായിരുന്നു വഴങ്ങിയത്.