പറയിപ്പിച്ച് ധോണി, നാണംകെട്ട് ക്രിക്കറ്റ് ലോകം

കോവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ ഉള്‍പ്പെടയുളളവര്‍ സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോടികളാണ് ഒരോ താരങ്ങളും ഈ മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ സംഭാവന ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി ഈ മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ നല്‍കിയ സംഭാവന തുക ഏറെ ചര്‍ച്ചയായിരിക്കുയാണ്.

മഹാരാഷ്ട്രയിലെ പുണെയില്‍, കൂലിപ്പണിക്കാരായ 100 കുടുംബങ്ങളെ സഹായിക്കാനായി ഒരു ലക്ഷം രൂപയാണ് ധോണി സംഭാവന ചെയ്തത്. “ക്രൗഡ് ഫണ്ടിങ്” വെബ്‌സൈറ്റായ “കേട്ടോ” വഴി മുകുള്‍ മാധവ് ഫൗണ്ടേഷനിലേക്കാണ് ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്.

“ക്രൗഡ് ഫണ്ടിങ്” വെബ്‌സൈറ്റിലേക്ക് സംഭാവന നല്‍കിയതിന്റെ രസീത് സഹിതം കൂടുതല്‍ ആളുകള്‍ സഹായവുമായി രംഗത്തെത്താന്‍ ആഹ്വാനം ചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലഘു കുറിപ്പും പോസ്റ്റ് ചെയ്തു. നഗരത്തിലെ 100 കുടുംബങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിലൂടെ 12.5 ലക്ഷം രൂപയാണ് ഇവര്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ധോണിയാണ് ഈ ഫണ്ടിലേക്ക് ഏറ്റവും ഉയര്‍ന്ന തുക സംഭാവന ചെയ്തത്.

അതേസമയം പുണെയിലെ ആളുകളെ സഹായിക്കാന്‍ ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ, താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ധോണിയുടെ നടപടി മറ്റുള്ളവരേയും ഉദാരമായി സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, ഓരോ വര്‍ഷവും 100 കോടിയിലേറെ സമ്പാദ്യമുളള ധോണിയെ പോലൊരു താരം കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന വിമര്‍ശനമാണ് മറുഭാഗം ഉയര്‍ത്തുന്നത്.

ന്യൂഡല്‍ഹിയിലെ സംസ്‌കൃതി എന്ന പ്ലസ് ടു വിദ്യാര്‍ഥിനി തന്റെ സമ്പാദ്യത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപ സംഭാവന നല്‍കുന്നതായി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സഹിതമാണ് വിമര്‍ശകര്‍ ധോണിയെ കടന്നാക്രമിക്കുന്നത്.