തുടര്‍ച്ചയായ പരാജയങ്ങള്‍, മുന്നില്‍ ഏകദിന ലോക കപ്പ്; സൂപ്പര്‍ താരത്തെ ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ ന്യൂസിലന്‍ഡ്

വര്‍ഷങ്ങളായി ന്യൂസിലന്‍ഡ് ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമാണ് ട്രെന്റ് ബോള്‍ട്ട്. 33 കാരനായ ഈ ഇടംകൈയ്യന്‍ സ്വിംഗ് ബൗളര്‍ ലോക ക്രിക്കറ്റില്‍ ഇന്നും ഏറ്റവും ഭയക്കുന്ന ബോളര്‍മാരില്‍ ഒരാളാണ്. ട്രെന്റ് ബോള്‍ട്ടിനെ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ ബോള്‍ട്ട് താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ബോള്‍ട്ട് നിലവില്‍ യുഎഇയുടെ ഇന്റര്‍നാഷണല്‍ ലീഗ് ടി20യില്‍ എംഐ എമിറേറ്റ്സിന് വേണ്ടി കളിക്കുകയാണ്. 2023 ഐസിസി ഏകദിന ലോകകപ്പ് അടുക്കുന്നതോടെ, ടീമിന്റെ ബോളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കാന്‍ ബോള്‍ട്ട് ബ്ലാക്ക് ക്യാപ്‌സിലേക്ക് മടങ്ങിയെത്താമെന്നാണ് പുറത്തുവരുന്ന വിവരം.

ന്യൂസിലന്‍ഡിന്റെ ചീഫ് സെലക്ടര്‍ ഗാവിന്‍ ലാര്‍സനാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. വരുന്ന ഏകദിന ലോകകപ്പിനായി ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള വാതിലുകള്‍ ലാര്‍സന്‍ ബോള്‍ട്ടിന് മുന്നില്‍ തുറന്നു. ബോള്‍ട്ടിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് കിവികളെ ബോളിംഗില്‍ കൂടുതല്‍ അപകടകാരികളാക്കുമെന്ന് ഉറപ്പാണ്.

ബോള്‍ട്ടിന്റെ അഭാവത്തില്‍ നിലവില്‍ കിവീസ് ബോളിംഗ് നിര ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഇത് ഏറെ പ്രകടനമായിരുന്നു. താരത്തിന്റെ മടങ്ങി വരവോടെ കിവീസ് ബോളിംഗ് നിരയുടെ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കപ്പെടും.