ഇനിയുള്ള അഫ്ഗാൻ ജയങ്ങളെ അട്ടിമറി എന്ന് വിളിക്കുന്നത് തന്നെ അവരോടുള്ള നിന്ദ, ടൂർണമെന്റിന്റെ വിരസത മാറ്റിയ രാജ്യം പോരാടുന്നത് 11 താരങ്ങളോടല്ല; കൈയടിക്കാം ഈ ധീരതക്ക്

ശ്രദ്ധിക്കേണ്ടത് അഫ്ഗാന്റെ വിജയങ്ങൾക്കൊപ്പം വന്നു കൊണ്ടിരുന്ന അട്ടിമറി എന്ന വിശേഷണം പതിയെ ഇല്ലാതായ കാഴ്ചയാണ്. അത് തന്നെയാണ് പുരോഗതിയുടെ അടയാളവും. ടൂർണമെന്റുകളുടെ വിരസത കുറക്കുന്നതിനൊപ്പം ആരാധകർക്ക് ആഹ്ലാദവും നൽകുന്ന ഒറ്റപ്പെട്ട വിജയങ്ങളുടെ സ്ഥാനത്തേക്ക് സ്ഥിരത കടന്നു വരുന്നു. ബംഗ്ലാദേശിനെ പോലുള്ള ടീമുകൾക്ക് സാധിക്കാതിരുന്ന കാര്യവുമതാണ്.

മോഡേൺ ഡേ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്ങ്സുകളിൽ ഒന്നാണ് ഇബ്രാഹിം സദ്രാൻ കളിച്ചത്. ടീം ബാറ്റിംഗ് തകർച്ചയിലേക്ക് വീണപ്പോൾ ഇന്നിങ്ങ്സ് നേരെയാക്കുന്നു. ഇന്ന് ലോകക്രിക്കറ്റിലുള്ള ഏതൊരു ടോപ് ബാറ്ററെയും മാച്ച് ചെയ്യുന്ന സുന്ദരമായ ഡ്രൈവുകൾ. സ്പിന്നർമാർക്കെതിരെയുള്ള ഫുട് വർക് ഒക്കെ ടോപ് നോച് തന്നെയാണ്.സ്ലോഗ് ഓവറുകളിൽ പോലും പ്രൊപ്പർ ക്രിക്കറ്റിങ് ഷോട്ടുകൾ കൊണ്ട് ഇംഗ്ളീഷ് ബൗളർമാരെ നേരിടുന്നു. സ്ലോവർ ബോളുകൾ അനായാസം പിക് ചെയ്യുന്നു.

അവസാന ഘട്ടത്തിൽ നേരിടുന്ന 23 പന്തിൽ നിന്നും 55 റൺസാണ് അയാൾ അടിച്ചെടുക്കുന്നത്. ആക്സിലറേഷൻ തുടങ്ങിക്കഴിയുമ്പോൾ ബാറ്ററുടെ ക്‌ളാസിനൊപ്പം കരുത്തും പുറത്തു വരുന്ന കാഴ്ച്ച. പുതിയ കളിക്കാർക്ക് വളർന്നു വരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു ടീം കാഴ്ച വക്കുന്ന പോരാട്ട വീര്യത്തിന് സമാനതകളില്ല.

അവർക്ക് പൊരുതേണ്ടത് കളിക്കളത്തിലുള്ള 11 പേരോട് മാത്രമല്ല, അവർക്ക് പ്രതികൂലമായി മാത്രം നിൽക്കുന്ന സാഹചര്യങ്ങളോട് കൂടെയാണ്. ഹാറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ.

കുറിപ്പ് : സംഗീത് ശേഖർ

Read more

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ