രോഹിത്ശര്‍മ്മ കോഹ്ലിയുടെ പകരക്കാരന്‍ ? ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകാന്‍ തയ്യാറെടുത്ത് മൂന്ന് പേര്‍

വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നുള്ള പടിയിറക്കത്തിന്റെ അമ്പരപ്പ് ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്ക് മാറിയിട്ടില്ല. ട്വന്റി20, ഏകദിന ടീമുകളുടെ ചുമതല നല്‍കിയിരിക്കുന്ന രോഹിത് ശര്‍മ്മയായിരിക്കും കോഹ്ലിയുടെ പിന്‍ഗാമിയെന്നും ഏറെക്കുറെ ഉറപ്പായിരിക്കെ ഉപനായക സ്ഥാനത്ത് ആരുവരുമെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. പ്രധാനമായും മുന്ന് യുവതാരങ്ങളുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.

ഉപനായക സ്ഥാനത്തേക്ക് കെ.എല്‍. രാഹുലാണോ, അതോ ജസ്പ്രീത് ബൂംറ ആയിരിക്കുമോ വരിക എന്നാണ് ആകാംഷ. ദക്ഷിണാഫ്രിക്കയില്‍ രോഹിതിന്റെയും വിരാട് കോഹ്ലിയുടെയും അഭാവത്തില്‍ രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിച്ചത് കെ.എല്‍. രാഹുലായിരുന്നു.

പഞ്ചാബ് കിംഗ്‌സ് ഇലവന്റെ നായകനായി ഐപിഎല്ലില്‍ താരത്തിന്റെ പരിചയമാണ് സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചത്.

പക്ഷേ നായകനായുള്ള അരങ്ങേറ്റം തോല്‍വിയോടെയായിരുന്നെന്ന് മാത്രം. ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലെയും ടീമുകളില്‍ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുന്ന രാഹുല്‍ കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിലെ നീണ്ട ഫോര്‍മാറ്റില്‍ തന്റെ മികവ് കാട്ടുകയും ചെയ്തിരുന്നു.

ജസപ്രീത് ബുംറയാണ് രണ്ടാമതായി ഉപനായകസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുന്ന താരം. ടീമിന്റെ നിലവിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ് ബുംറ. ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരാംഗവും വിരാടിനും രോഹിത് ശര്‍മ്മയ്ക്കുമൊപ്പം ബിസിസിഐ യുടെ കൂടിയ ശമ്പളക്യാപിലുള്ള താരവുമാണ്.

ഈ വര്‍ഷത്തെ ഇന്ത്യാ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ഉപനായകനായും തെഞ്ഞെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മയുമായി നല്ല അടുപ്പവും ബുംറ സൂക്ഷിക്കുന്നു. ഇരുവരും 2013 മുതല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനേയും ഉപനായക സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.

2021 ന്റെ തുടക്കത്തിലാണ് പന്ത് താരമായി ഉയര്‍ന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരേ 2-1 ന് ഇന്ത്യ പരമ്പര നേടിയപ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു പന്ത്. നിലവില്‍ ദേശീയ ടീമിലെ മൂന്ന് ഫോര്‍മാറ്റിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആണ് ഋഷഭ് പന്ത്. ഉപനായകനാക്കിയാല്‍ അത് മികച്ച പരിചയ സമ്പന്നതയാകും.