'ഈ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരി-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു'; ഐസിസി വിലക്ക് മറികടന്ന് റിസ്വാന്‍

ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ പാകിസ്ഥാന്‍ നേടിയ വിജയം ഗാസയിലെ സഹോദരീ-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ റിസ്വാന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിലാണ് പാകിസ്ഥാന്‍ ജയിച്ചു കയറിയത്. ഇതിനു പിന്നാലെയാണ് എക്‌സിലൂടെയുള്ള താരത്തിന്റെ പ്രതികരണം.

ഈ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരി-സഹോദരന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നു. വിജയത്തില്‍ ടീമിനായി സംഭാവന ചെയ്യാനായതില്‍ സന്തോഷം. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജയം അനായാസമാക്കിയ അബ്ദുള്ള ഷഫീഖിനും ഹസന്‍ അലിക്കുമുള്ളതാണ്. ഹൈദരാബാദില്‍ ആരാധകര്‍ നല്‍കിയ സ്വീകരണത്തിനും പിന്തുണക്കും നന്ദി- റിസ്വാന്‍ എക്‌സില്‍ കുറിച്ചു.

ലോകകപ്പില്‍ കളിക്കാര്‍ രാഷ്ട്രീ പ്രസ്താവനകള്‍ നടത്തരുതെന്ന വിലക്ക് ലംഘിച്ചാണ് റിസ്വാന്റെ ഈ പ്രതികരണമെന്നാണ് ശ്രദ്ധേയം. അഞ്ച് ദിവസമായി തുടരുന്ന ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇരുഭാഗങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

Read more

ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയില്‍നിന്നും ജയം പിടിച്ചുവാങ്ങുന്ന പാകിസ്ഥാനെയാണ് കാണാനായത്. 345 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാനെ അബ്ദുള്ള ഷഫീഖിന്റെയും (113) മുഹമ്മദ് റിസ്വാന്റെയും (131*) കിടിലന്‍ സെഞ്ച്വറികള്‍ അവിശ്വസനീയമെന്നു കരുതിയ ടോട്ടല്‍ ചേസ് ചെയ്യാന്‍ സഹായിച്ചത്.