ഇതാണ് വിരാട് കോഹ്‌ലിയും ഋഷഭ് പന്തും, രണ്ടു പേര്‍ക്കും തകര്‍പ്പന്‍ ഫിഫ്റ്റി ; വിന്‍ഡീസിന് എതിരേ മികച്ച സ്‌കോര്‍

പരമ്പരയില്‍ ഇതാദ്യമായി മുന്‍ നായകനും സൂപ്പര്‍താരവുമായ വിരാട് കോഹ്ലിയും യുവതാരങ്ങളായ പന്തും ബാറ്റിംഗ് മികവിലേക്ക് ഉയര്‍ന്ന മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് വെസ്റ്റിന്‍ഡീസിനെതിരേ മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുത്തു. മുന്‍ നായകന്‍ വിരാട്‌കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ ഋഷഭ് പന്തും അര്‍ദ്ധശതകം നേടി. വാലറ്റത്തെ നയിക്കുന്ന വെങ്കിടേഷ് അയ്യരും മികച്ച പ്രകടനം നടത്തി.

പരമ്പരയില്‍ ഇതാദ്യമായിട്ടാണ് വിരാട്‌കോഹ്ലി തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയായിരുന്നു അര്‍ദ്ധശതകത്തില്‍ എത്തിയത്. 41 പന്തുകളില്‍ 52 റണ്‍സ് നേടിയ വിരാട് കോഹ്ലി ചേസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് ആറ് പന്തില്‍ എട്ട് റണ്‍സ് നേടിയെങ്കിലും സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. ഋഷഭ് പ്ന്ത് 27 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ചു. ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പന്ത് പറത്തി അദ്ദേഹം 52 റണ്‍സ് നേടി.

ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മ 19 റണ്‍സിനും ഇഷാന്‍ കിഷന്‍ രണ്ടു റണ്‍സിനും നേരത്തേ പുറത്തായെങ്കിലും വിരാട്‌കോഹ്ലി സ്‌കോറിംഗ് ഏറ്റെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് കൂടി മടങ്ങി പിന്നാലെ പന്ത് കൂടിവന്നതോടെ ഇന്ത്യന്‍ സ്‌കോറിംഗിന് വേഗമേറി. കോഹ്ലി മടങ്ങിയ ശേഷം വെങ്കിടേഷ് അയ്യരും പന്തും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. റോഷ്ടന്‍ ചേസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 18 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമായി 33 റണ്‍സ് എടുത്ത വെങ്കിടേഷ് അയ്യര്‍ ഷെപ്പേര്‍ഡിന്റെ പന്തിലായിരുന്നു മടങ്ങിയത്.