പാകിസ്ഥാനെതിരെ അമ്പരപ്പിക്കുന്ന ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

10 പ്രമുഖ താരങ്ങള്‍ പിന്‍മാറിയതിന് പിന്നാലെ പാകിസ്ഥാനെതിരെയുളള ഏകദിന-ടി20 പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പരിചയ സമ്പത്ത് കുറഞ്ഞ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ശ്രീലങ്ക പാകിസ്ഥാനെ നേരിടുക. ഏകദിന ടീമിനെ ലാഹിരി തിരിമന്നയും ടി20 ടീമിനെ ദാന്‍ ഷനകയും നയിക്കും.

ബാറ്റ്‌സ്മാന്‍ ബിനോദ് ബാനുക മാത്രമാണ് ഏകദിന ടീമിലെ പുതുമുഖം. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്ക് ശേഷം ടീമില്‍ നിന്ന് പുറത്തായ ധനുഷ്‌ക ഗുണതിലക, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ലങ്കന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ടീമില്‍ തിരിച്ചെത്താനുളള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

2008-ല്‍ ശ്രീലങ്കന്‍ ടീം ബസ്സിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷം പാകിസ്ഥാനില്‍ പ്രമുഖ ടീമുകളാരും കളിച്ചിരുന്നില്ല. അതിനാല്‍ തന്നെ പാകിസ്ഥാന് ഈ പരമ്പര നിര്‍ണായകമാണ്. എന്നാല്‍ പരമ്പര പ്രഖ്യാപിച്ചതോടെ 10 ലങ്കന്‍ താരങ്ങള്‍ ടീമില്‍ നിന്നും പിന്മാറിയിരുന്നു. സൂപ്പര്‍ താരങ്ങളായ ലസിത് മലിംഗ, ഏഞ്ചലോ മാത്യൂസ്, കരുണരത്‌നെ, ദിനേഷ് ചണ്ടിമാല്‍, സുരംഗ ലക്മല്‍, തിസാര പെരേര, അഖിലധനഞ്ജയ, ധനഞ്ജയ ഡിസില്‍ വ, കുശാല്‍പെരേര, നിറോഷന്‍ ഡിക്ക് വെല്ല എന്നീ 10 താരങ്ങളാണ് പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. ഇതോടെയാണ് രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്.

ഈ മാസം 27- ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്.

ഏകദിന ടീം: ലാഹിരു തിരിമാനെ (ക്യാപ്റ്റന്‍), ഗുണതിലക, സദീര സമരവിക്രമ, ആവിഷ്‌ക ഫെര്‍ണാണ്ടോ, ഒഷാഡ ഫെര്‍ണാണ്ടോ, ഷെഹാന്‍ ജയസൂര്യ, ദാസന്‍ ഷനക, മിനോദ് ഭാവുക, ഏഞ്ചലോ പെരേര, വാനിന്ദു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്, ഇസുരു ഉഡാന, കാസന്‍ രജിത, ലാഹിരു കുമാര.

ടി20 ടീം: ദാസന്‍ ഷനക (ക്യാപ്റ്റന്‍), ധനുഷ്‌ക ഗുണതിലക, സദീര സമരവിക്രമ, ആവിഷ്‌ക ഫെര്‍ണാണ്ടോ, ഒഷാഡ ഫെര്‍ണാണ്ടോ, ഷെഹാന്‍ ജയസൂര്യ, ഏഞ്ചലോ പെരേര, ഭനുക രജപക്ഷെ, മിനോദ് ഭാനുക, ലാഹിരു മധുഷനക, വാനിന്ദു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, ഇസുരു ഉഡാന, നുവാന്‍ പ്രദീപ്, കാസന്‍ രജിത, ലാഹിരു കുമാര.