കൊള്ളേണ്ടവര്‍ക്ക് നന്നായി തന്നെ കൊള്ളുന്നുണ്ട്.., ഗ്രൗണ്ടിനകത്തും.. പുറത്തും..!

നവീന്‍ ടോമി

എഴുതിവെച്ച വരികള്‍ക്കും അപ്പുറം നടനമാടി വിസ്മയിപ്പിക്കുന്ന ചിലരുണ്ട്.. മനസ്സില്‍ കണ്ട കഥാപത്രങ്ങള്‍ക്ക് കഥാകാരന്മാര്‍ നല്‍കിയ ജീവനേക്കാള്‍ അഭ്രപാളിയിലെ നാട്യ മികവില്‍ അമ്പരിപ്പിക്കുന്ന ചില പ്രതിഭകള്‍… ഇരുണ്ട മുറിയിലെ ആ വെളുത്ത ബിഗ് സ്‌ക്രീനില്‍ കാണുന്ന ഏതൊരു മനുഷ്യനെയും അത്ഭുതപെടുത്തുന്ന ചില മികവുകള്‍….

പകരമാവാത്ത കഥാപത്രങ്ങളും പകരം വെക്കാനാവാത്ത അഭിനയ മുഹൂര്‍ത്തങ്ങളും എന്നെന്നേക്കും പ്രതിഭയുടെ ഉഗ്രരൂപമായി ആഘോഷിക്കാന്‍ നല്‍കുന്ന ചില അപൂര്‍വ ജന്മങ്ങള്‍.. ചിലപ്പോള്‍ അതൊരു ഇരുണ്ട മുറി മാറി നിറഞ്ഞു കവിഞ്ഞ ഒരു സ്റ്റേഡിയമാകാം.. അഭിനയ മികവിന്റെ കൊടുമുടിക്ക് പകരം താണ്ടാന്‍ ഉള്ളത് റീഫ്‌ളക്‌സിന്റെയും ഷോട്ട് സെലക്ഷന്റെയും അപാര ചോയ്‌സ് ആയിരിക്കണം.. എഴുതി വെച്ചതിനും മുകളില്‍ നടനമാടും വിധം മുന്‍വിധികളെ എല്ലാം ബൗണ്ടറികള്‍ കൊണ്ട് തച്ചു തകര്‍ക്കണം.. ഏത് മികവുറ്റ ബോളറിന്റെയും വേരിയേഷന്‍ അതിര്‍ത്തി കടത്തണം.. ഉള്ളിലെ കെടാത്ത പാഷനെ ചോദ്യം ചെയ്തവര്‍ക്ക് ഗാലറിയിലെ ‘ ഡികെ.. ഡികെ.. ഡികെ ‘ വിളികള്‍ മറുപടിയാകും..

ഇപ്പോഴും ഓര്‍മയുണ്ട്.. ഐ പി എല്‍ തുടങ്ങുന്നതിനു ദിവസങ്ങള്‍ മുന്നേ ഒരു ഇന്‍സ്റ്റാ പേജില്‍ ലോകകപ്പ് ആണ് തന്റെ ലക്ഷ്യം എന്ന് ഡികെ പറഞ്ഞത്.. അന്ന് ആ കമന്റ് ബോക്‌സില്‍ നിറഞ്ഞു നിന്നത് പരിഹാസങ്ങള്‍ മാത്രമായിരുന്നു.. പരിഹാസത്തില്‍ കലര്‍ന്ന അഭിനന്ദനത്തോടെ ഇവന് പറ്റിയ പണി കമന്ററി ആണെന്നും.. ഒരു കടുത്ത ആരാധകന്‍ ആയിട്ട് കൂടി എനിക്ക് പോലും അതൊരു അതിമോഹം ആയിരുന്നു.. അവസാന നാളുകളില്‍, നഷ്ടപ്പെടും എന്ന സത്യം പതിയെ ഉള്ളില്‍ അമരുമ്പോള്‍ തന്റെ പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്തുന്ന ദുരന്തനായകന്റെ മറ്റൊരു ആള്‍രൂപം മാത്രമായിരിക്കും എന്ന് ഞാനും കരുതി.. പിനീടൊരിക്കല്‍ ഐ സി സി ടെ പേജില്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷേര്‍ ആരെന്ന ചോദ്യത്തിന് ഒരു ചിന്തയും കൂടാതെ തന്റെ പേര് പറഞ്ഞ ഡികെ ഒരിക്കല്‍ കൂടി തെളിയിച്ചു.. താന്‍ കോണ്‍ഫിഡന്‍സിന്റെ അങ്ങേ അറ്റത്താണ്.. Literally, The Epitome Of Confidence..

ഇന്ന് ആഘോഷിക്കപെടുന്നത് ഡികെ യുടെ വെടികെട്ടും തിരിച്വരവുമാണെങ്കില്‍ അതിനോടൊപ്പം തന്നെ ചേര്‍ത്ത് വെക്കേണ്ടതാണ് അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ലെവല്‍.. അപാരമെന്നും.. വിദൂരമെന്നും കരുതുന്ന ലക്ഷ്യങ്ങളേ അവസാന ഓവറുകളിലെ പിഞ്ച് ഹിറ്റ് ഫിനിഷിങ്ങിലൂടെ നേടിയെടുക്കുന്ന ഡികെ മാജിക് അദ്ദേഹത്തിന്റെ ജീവിതത്തിലും ആവര്‍ത്തിക്കുന്ന സമയം.. ഇനിയൊരു മടങ്ങി വരവില്ല എന്ന് ഉറപ്പിച്ച ചിലര്‍ക്കെങ്കിലും ഇന്നദ്ധേഹം ടീമില്‍ കാണണം എന്നാഗ്രഹമുണ്ട്.. എല്ലാ കഴിഞ്ഞു എന്ന് വിധിയെഴുതിയവര്‍ പോലും.. മറ്റൊരു അധ്യായതിനു കാത്തിരിക്കുന്നുണ്ടാകാം.. ഒന്നും വേണ്ട, എവിടെയൊക്കെയോ.. ആരൊക്കെയോ.. ഇനിയുമൊരു ഫിനിഷിങ് ബാല്യം നീല ജേഴ്‌സിയില്‍ ആ മനുഷ്യനില്‍ കാണുന്നുണ്ട് എന്ന് പറയുന്നില്ലേ.. സംശയിച്ചു എന്നെയും.. എതിര്‍ത്ത പലരെയും..

അവസാനിച്ചു എന്നുറപ്പിച്ച വേറെ ചിലരെയും കൊണ്ട് അല്പമെങ്കിലും ഒരു മടങ്ങി വരവിനു അദ്ദേഹം ചിന്തിപ്പിച്ചില്ലേ.. ഈ പ്രായത്തിലും ഇപ്പോഴും ഏതൊക്കെയോ ഗ്രൂപുകളില്‍ ഡികെ ഉണ്ടാകണം എന്ന തോന്നല്‍ തോന്നിപ്പിച്ചില്ലേ.. മതി, ആ പോരാളി അവിടെ വിജയിച്ചിരിക്കുന്നു..പ്രതീക്ഷയുടെയും അടങ്ങാത്ത പ്രണയത്തിന്റെയും കൈവിടാത്ത മനസാന്നിധ്യത്തിന്റെയും ഒടുവില്‍ നമ്മള്‍ കാണുന്നത് മടങ്ങി വരവിന്റെ ഉഗ്രരൂപം.. ഇനോവേറ്റീവ് ഷോട്ടുകളിലൂടെയും കൊടുമുടി തൊട്ട ആത്മവിശ്വാസത്തിലൂടെയും ഇന്നും അദ്ദേഹം വിസ്മയിപ്പിക്കുകയാണ്.. കിട്ടകനിയായ കിരീടം ഒരു ജനതക്ക് മോഹിപ്പിക്കുകയാണ്.. കാരണം അത്രമേല്‍ വിശ്വാസം ആ ബാറ്റില്‍ പലര്‍ക്കുമുണ്ട്.. പ്രതീക്ഷയുടെ അവസാന വട്ട തിരിയും കെടാത്ത വെളിച്ചവുമായി മുന്നില്‍ അത് കാണും എന്ന് വിശ്വസിക്കുന്നുണ്ട്..

പാര്‍ട്ട് ടൈം ക്രിക്കറ്റര്‍ എന്ന് വിളിച്ച വിക്രന്ത് ഗുപ്തയെയും.. ലേലത്തില്‍ ബാംഗ്ലൂര്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ പരിഹസിച്ചു ചിലരെയും.. നഷ്ടപ്പെടുത്തിയ അവസരങ്ങളെയും.. മായ്ക്കാനാവാത്ത ആ കഴിഞ്ഞ കാലത്തേയും ഇന്നും ആ മനുഷ്യന്‍ വെല്ലുവിളിക്കുന്നു… ഇനി പരാജയപ്പെട്ടാലും ദിനേശ് കാര്‍ത്തിക് എന്ന തമിഴ്‌നാട്ടുകാരന്‍ ഓര്‍ക്കപ്പെടേണ്ടത് ഈ തിരിച്ചുവരവില്‍ കൂടെയാണ്.. കോണ്‍ഫിഡന്‍സിന്റെ പീക്ക് കണ്ട ആ മനസിലൂടെയാണ്.. ഇപ്പോഴും വിടാതെ കാത്തുസൂക്ഷിക്കുന്ന ആ പാഷനിലൂടെയാണ്… ക്രിക്കറ്റ് കാണാത്ത അപ്പാപ്പന്‍ ഇന്നലെ ബാക്കിയാക്കിയ ആ അത്ഭുത ചോദ്യം പോലെ അദ്ദേഹം ഇനിയും അത്ഭുതങ്ങള്‍ സൃഷ്ട്ടികട്ടെ.. ‘ തിരിഞ്ഞും വളഞ്ഞുമൊക്കെ ആ പയ്യന്‍ അടിക്കുന്നുണ്ടല്ലോ.. എങ്ങനെ ഇതൊക്കെ കൊള്ളിക്കുന്നു.. ‘.. പറയാന്‍ ബാക്കിവെച്ച മറുപടി ഇതായിരുന്നു.. കൊള്ളേണ്ടവര്‍ക്ക് നന്നായി തന്നെ കൊള്ളുന്നുണ്ട്.. ഗ്രൗണ്ടിനകത്തും.. പുറത്തും..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍