153 കിമി വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ച് യുവ പേസര്‍, ഇന്ത്യയുടെ അടുത്ത വജ്രായുധം!

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടി ഇന്ത്യന്‍ യുവപേസര്‍ കാര്‍ത്തിക് ത്യാഗിയുടെ തീപ്പൊരി ബോളിംഗ്. ഗുജറാത്തുമായുള്ള മല്‍സരത്തിലാണ് താരം 153 കിമീ വേഗത്തില്‍ പന്തെറിഞ്ഞത്.

മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ത്യാഗി തുടര്‍ച്ചയായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചത്. മല്‍സരത്തില്‍ താരത്തിന്റെ ശരാശരി വേഗത 142.8 കിമിയായിരുന്നു.

മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗി 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 127 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഉത്തര്‍പ്രദേശ് 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

71 റണ്‍സെടുത്ത നിതീഷ് റാണയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോററായത്. ജയത്തോടെ ഉത്തര്‍പ്രദേശ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്വാര്‍ട്ടറില്‍ പഞ്ചാബാണ് ഉത്തര്‍പ്രദേശിന്റെ എതിരാളികള്‍.