മൂന്നാം ഏകദിനത്തിനായി ടീമുകള്‍ ഇന്നു തലസ്ഥാനത്തെത്തും; ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടിരിക്കുന്നത് ഹലാല്‍ മാംസഭക്ഷണം

ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇന്നു തലസ്ഥാനത്തെത്തും. ഇരുടീമുകളും ഒരുമിച്ച് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാലിന് തിരുവനന്തപുരത്തെത്തുക. എയര്‍പോര്‍ട്ടിന്റെ ശംഖുമുഖത്തെ അഭ്യന്തര ടെര്‍മിനലില്‍ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

ഇന്ത്യ – ശ്രീലങ്കന്‍ താരങ്ങള്‍ക്ക് തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള രണ്ട് ഹോട്ടലുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഹയാത്ത് റീജന്‍സി, താജ് വിവാന്റ ഹോട്ടലുകളിലാണ് ടീമുകള്‍ തങ്ങുന്നത്.

ടീമുകളുടെ ഭക്ഷണക്രമത്തിന്റെ വിശദാംശങ്ങളും ഹോട്ടലുകള്‍ക്ക് കൈമാറി. ടീം ഇന്ത്യ ഹലാല്‍ മാംസഭക്ഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ ശ്രീലങ്കന്‍ ടീമും 5 മുതല്‍ 8 വരെ ഇന്ത്യന്‍ ടീമും മത്സരവേദിയായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണു പരമ്പരയിലെ അവസാന മത്സരം. ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. 1000, 2000 രൂപ ടിക്കറ്റുകള്‍ പേയ്ടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാം.