ഐ.പി.എല്‍ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം നിശ്ചയിച്ചു; പ്രഖ്യാപനം അധികം വൈകാതെ

ഐപിഎല്ലിന്റെ അടുത്ത സീസണിലെ മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം നിശ്ചയിക്കപ്പെട്ടു. ബിസിസിഐയും ടീമുകളുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒക്ടോബര്‍ 25 രണ്ട് പുതിയ ഫ്രാഞ്ചൈസികളുടെ വില്‍പ്പനയ്ക്കു ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഒരു ഫ്രാഞ്ചൈസിക്ക് നാല് താരങ്ങളെ നിലനിര്‍ത്താന്‍ അനുമതി നല്‍കാനാണ് ധാരണ. പരമാവധി മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താം. നിലനിര്‍ത്താനാകുന്ന വിദേശ കളിക്കാരുടെ എണ്ണം രണ്ടാണ്. ദേശീയ ടീമിനു വേണ്ടി കളിക്കാത്ത താരങ്ങളില്‍ രണ്ടു പേരില്‍ അധികം നിലനിര്‍ത്താനാവില്ല.

ഓരോ ടീമിനും 90 കോടി രൂപ വരെ ലേലത്തില്‍ ചെലവിടാന്‍ അനുമതി നല്‍കുമെന്നാണ് വിവരം. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 100 കോടി വരെ ഉയര്‍ത്തും. നാല് കളിക്കാരെ നിലനിര്‍ത്താന്‍ ഒരു ടീമിന് ആകെ തുകയുടെ 40-45 ശതമാനം വരെ വിനിയോഗിക്കേണ്ടി വരും. അങ്ങനെയായാല്‍ ലേലത്തില്‍ ചെലവിടാന്‍ സാധിക്കുന്ന തുകയില്‍ 36 മുതല്‍ 40 കോടി രൂപയുടെ വരെ കുറവുണ്ടാകും.

പുതുതായി വരുന്ന രണ്ട് ഫ്രാഞ്ചൈസികള്‍ക്ക് ലേലച്ചന്തയ്ക്ക് പുറത്തുനിന്ന് രണ്ടു മുതല്‍ മൂന്നു വരെ കളിക്കാരെ വാങ്ങാന്‍ സാധിക്കും. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ കിട്ടിയില്ലെങ്കില്‍ വിദേശ താരങ്ങളെ സ്വന്തമാക്കാന്‍ പുതു ഫ്രാഞ്ചൈസികളെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.