കാമുകിക്കു വേണ്ടി ബാറ്റ് വീശിയ നായകന്‍; മീശമുളയ്ക്കും മുമ്പേ ലഹരി നുകര്‍ന്ന കോച്ച്, കൂച്ചുവിലങ്ങിടാന്‍ പഴയ വീരശൂരപരാക്രമിക്കാവുമോ ?

സമകാലിക ഇന്ത്യന്‍ ക്രിക്കറ്റിലെ അച്ചടക്ക രാഹിത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കമുള്ള കളിക്കാരും ബയോബബിള്‍ ലംഘിച്ച് ലണ്ടനിലെ പുസ്ത പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് പിടിപെട്ടതോടെ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ് അവതാളത്തിലായി. കോവിഡ് ഭീതിമൂലം ഇന്ത്യന്‍ താരങ്ങള്‍ വിമുഖത കാട്ടുകൂടി ചെയ്തപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നു. കളത്തിന് പുറത്ത് പാലിക്കേണ്ട ചില ചിട്ടകളുടെ അഭാവമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നമെന്ന് വിമര്‍ശകര്‍ അടക്കംപറയുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കുംബ്ലെ വരച്ച അച്ചടക്കത്തിന്റെ വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കാന്‍ കോഹ്ലിയും സഹതാരങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കടുംപിടുത്തത്തിന് കുറവില്ലാത്ത കുംബ്ലെ പടിയിറങ്ങിയപ്പോള്‍ അല്‍പ്പം കുരുത്തക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന രവി ശാസ്ത്രിയെ കോഹ്ലിക്കും കൂട്ടര്‍ക്കും പുതിയ ആശാനായി കിട്ടി. അണ്ടര്‍ 19 കാലത്ത് ബിയര്‍ കുടിച്ചതിന് പിടിക്കപ്പെട്ട ശാസ്ത്രിക്ക് കളിയില്ലാത്ത സമയം താരങ്ങളെ അയച്ചുവിടുന്ന രീതിയാണ് ഇഷ്ടം. അതു മുതലെടുത്താണ് ഋഷഭ് പന്തിനെപോലുള്ള യുവ തുര്‍ക്കികള്‍ ലോക കപ്പ് ഫുട്‌ബോള്‍ കാണാനും ലണ്ടനില്‍ ചുറ്റിയടിക്കാനുമൊക്കെ ഇറങ്ങിയത്.

ക്രിക്കറ്റിനെ മുന്‍ഗാമികളോളം ഗൗരവമായെടുക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് ഇന്ത്യന്‍ താരങ്ങള്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. സുനില്‍ ഗവാസ്‌കറിന്റെയും കപില്‍ ദേവിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും സൗരവ് ഗാംഗുലിയുടെയും കാലത്ത് വിദേശ പര്യടനങ്ങളില്‍ ക്രിക്കറ്റില്‍ മാത്രമായിരുന്നു കളിക്കാരുടെ ശ്രദ്ധ. കുടുംബത്തെ ഒപ്പംകൂട്ടാന്‍ അവര്‍ മനസുകാട്ടിയിരുന്നില്ല. പരിശീലനത്തിന്റെ ഇടവേളകളില്‍ പോലും വിനോദത്തിലേക്ക് തിരിഞ്ഞിരുന്നില്ല. എന്നാല്‍ വിരാട് കോഹ്ലിയും സംഘവും വിദേശ പര്യടനങ്ങളെ കുടുംബത്തിനൊപ്പം വിനോദ സഞ്ചാരത്തിനുള്ള അവസരംകൂടിയാക്കി മാറ്റുകയാണെന്ന് പറയേണ്ടിവരും.

ക്രിക്കറ്റ് ഇതര പ്രവര്‍ത്തനങ്ങളിലുള്ള അമിത താല്‍പര്യം താരങ്ങളുടെ ഏകാഗ്രതയെ ബാധിക്കും. വലിയ മത്സരങ്ങളില്‍ ടീം അടിപതറാനുള്ള സാധ്യത അതിലൂടെ വര്‍ദ്ധിക്കുന്നു. കോഹ്ലിക്കും ശാസ്ത്രിക്കും കീഴില്‍ ഇന്ത്യക്ക് എന്തുകൊണ്ട് ഐസിസി കിരീടം നേടാന്‍ സാധിച്ചില്ലെന്നതുമായി അതിനെ ചേര്‍ത്തുവായിക്കാം. 2015 ഏകദിന ലോക കപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ കോഹ്ലിയുടെ നിരുത്തരവാദപരമായ ഷോട്ടിന് കാരണവും ഏകാഗ്രതക്കുറവാണ്. സിഡ്‌നിയിലെ ക്രീസില്‍ നില്‍ക്കുമ്പോള്‍, കളത്തിനു പുറത്തെ കാര്യങ്ങള്‍ കോഹ്ലിയെ സ്വാധീനിച്ചിരുന്നു. ഇന്ത്യയുടെ മത്സരം വീക്ഷിക്കാന്‍ ഗാലറിയിലെത്തിയ ബോളിവുഡ് സുന്ദരിയും കാമുകിയുമായ അനുഷ്‌ക ശര്‍മ്മയെ ‘ഇംപ്രസ്’ ചെയ്യാന്‍ മിച്ചല്‍ ജോണ്‍സന്റെ ബൗണ്‍സറില്‍ പുള്ളിന് ശ്രമിച്ച് പുറത്തായ കോഹ്ലിയുടെ അപക്വത അന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. അതില്‍ നിന്ന് പിന്നീട് കോഹ്ലി ഏറെ മുന്നോട്ടുപോയെങ്കിലും സച്ചിനെയും ദ്രാവിഡിനെയും പോലുള്ള ഇതിഹാസങ്ങള്‍ പുലര്‍ത്തിയ അച്ചടക്കവും ചിട്ടയും സമചിത്തതയുമൊന്നും കോഹ്ലിയില്‍ കാണാന്‍ സാധിച്ചില്ലെന്നത് നിസ്തര്‍ക്കമാണ്. രവി ശാസ്ത്രിയെന്ന അത്ര കര്‍ക്കശക്കാരനല്ലാത്ത, മത്സരത്തിനിടെ ഉറങ്ങാന്‍ പാകത്തില്‍ ഉദാസീനനായ പരിശീലകനു കീഴില്‍ കോഹ്ലിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു.

ക്യാപ്റ്റനായിരുന്ന കാലത്ത് ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയിലും സമര്‍പ്പണത്തിലും ഒട്ടുപിന്നിലല്ലായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും. യുവരാജ് സിംഗ് ഉള്‍പ്പെടെ നിരവധി പ്രതിഭകളെ കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ കൈപിടിച്ച് നടത്തിയത് ദാദയാണ്. വിദേശ പര്യടനത്തിനിടെ ടീം ഹോട്ടലിലെ സെക്യൂരിറ്റിയെ കബളിപ്പിച്ച് ചുറ്റിയടിക്കാന്‍ പോയ യുവിയെ നല്ലവാക്കു പറഞ്ഞ് തിരിച്ചുകൊണ്ടുവന്ന ഗാംഗുലിയുടെ കഥ നമ്മള്‍ കേട്ടതാണ്. അങ്ങനെയുള്ള ദാദ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തിരിക്കുമ്പോള്‍ കോഹ്ലിക്കും ശാസ്ത്രിക്കും കൂച്ചുവിലങ്ങു വീഴുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.