'ശാസ്ത്രിയെ ഒന്നും ബാധിക്കില്ല', ഒഴിവാക്കുക പ്രയാസമെന്ന് മുന്‍ പേസര്‍

ട്വന്റി20 ലോക കപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രവി ശാസ്ത്രി ഒഴിയുമെന്ന സൂചന പുറത്തുവന്നിരിക്കുകയാണ്. ശാസ്ത്രിക്കുപകരം രാഹുല്‍ ദ്രാവിഡോ വീരേന്ദര്‍ സെവാഗോ വിക്രം റാത്തോഡോ കോച്ചാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശാസ്ത്രിയെ നീക്കുക പ്രയാസകരമായ കാര്യമാകുമെന്ന് മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ കരുതുന്നു.

ശാസ്ത്രിയെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ടീമിനെ ബാധിക്കുമെന്ന് കരുതുന്നില്ല. ചിലര്‍ എന്തെങ്കിലും എഴുതുകയും പറയുകയും ചെയ്യും. അത് അവരുടെ അഭിപ്രായം. രവിയെ അതു അലട്ടുമെന്ന് തോന്നുന്നില്ല- അഗാര്‍ക്കര്‍ പറഞ്ഞു.

്അഭ്യൂഹങ്ങള്‍ രവിയെ ആകുലപ്പെടുത്തുമെന്നത് ചിന്തിക്കാനേ കഴിയുന്നില്ല. എനിക്ക് അദ്ദേഹത്തെ വളരെ നാളായി അറിയാം. ട്വന്റി20 ലോക കപ്പിനുശേഷം രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും. പക്ഷേ, ടീം നന്നായി കളിക്കുകയും ജയിക്കുകയും ചെയ്താല്‍ പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റുക പ്രയാസകരമാകും. പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കുന്നത് നടപടിക്രമം മാത്രമാണെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

2017ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ചുമതല ശാസ്ത്രി ഏറ്റെടുത്തത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ശാസ്ത്രിക്കായി. എന്നാല്‍ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ ഐസിസി ട്രോഫി നേടിയിട്ടില്ലെന്നത് ഒരു കുറവായി കണക്കാക്കപ്പെടുന്നു.