മത്സരം വിജയിച്ചതിന്റെ ക്രെഡിറ്റ് ആ താരങ്ങൾക്കാണ്, അവരുടെ പ്രകടനം നിർണായകമായി: സൂര്യകുമാർ യാദവ്

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 48 റൺസ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 168 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആതിഥേയർ 18.2 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. ബോളർമാരുടെ ഒന്നായ പരിശ്രമമാണ് ഓസീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യയ്ക്കായി വാഷിം​ഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇപ്പോഴിതാ മത്സരം വിജയിച്ചതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ബാറ്റർമാർക്കാണ്. പ്രത്യേകിച്ച് അഭിഷേക് ശർമയ്ക്കും ശുഭ്മൻ ​ഗില്ലിനും.’ മത്സരത്തിൽ 200 റൺസ് അടിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ഇരുവരും ബാറ്റ് ചെയ്തത്. ‘പവർപ്ലേയിൽ അഭിഷേകും ​ഗില്ലും നന്നായി ബാറ്റു ചെയ്തു. ഇതൊരു സാധാരണ 200ലധികം റൺസ് അടിക്കാവുന്ന പിച്ചല്ലെന്ന് ഇരുവരും നേരത്തെ മനസ്സിലാക്കി. എല്ലാ ബാറ്റർമാരും നിർണായകമായ സംഭാവനകൾ നൽകി. ബാറ്റർമാർ മികച്ച സ്കോറിനായി കഠിനാദ്ധ്വാനം ചെയ്തു”

” ബൗളർമാർ സാഹചര്യങ്ങൾ വേ​ഗത്തിൽ മനസിലാക്കി. പ്രത്യേകിച്ചും അൽപ്പം മഞ്ഞുവീഴ്ച വന്നപ്പോൾ ഇന്ത്യൻ‌ ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഏത് സാഹചര്യത്തിനും അനുയോജ്യമായി പന്തെറിയാൻ കഴിയുന്ന താരങ്ങൾ ഇന്ത്യൻ നിരയിലുള്ളത് വലിയ കാര്യമാണ്. അതിന് അനുസരിച്ചായിരിക്കും ഓരോ താരങ്ങൾക്കും ഓവറുകൾ നൽകുക” സൂര്യകുമാർ യാദവ് വ്യക്തമാക്കി.

Read more