കോഹ്ലിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയത് അക്കാര്യങ്ങള്‍; രോഹിതിന്റെ വാക്കിന് ഇനി മുന്‍തൂക്കം

ഇന്ത്യന്‍ ക്രിക്കറ്റിലെ അവസാന വാക്കുകളെന്ന് കരുതപ്പെട്ട വിരാട് കോഹ്ലി- രവി ശാസ്ത്രി ദ്വയത്തിന് ഇത് തിരിച്ചിറക്കത്തിന്റെ കാലമാണ്. യുഎഇ ലോക കപ്പിനുശേഷം ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചുകഴിഞ്ഞു. ലോക കപ്പ് കഴിഞ്ഞാല്‍ ഹെഡ് കോച്ച് പദവിയോട് രവി ശാസ്ത്രിയും വിടപറയും. ഇന്ത്യന്‍ ക്രിക്കറ്റിലെ ശക്തി സംതുലനം മാറിമറിയുന്നതിന്റെ സൂചനയാണിത് ഇതു നല്‍കുന്നത്. ബാറ്റിംഗ് ലൈനപ്പിലെ പ്രമാണിമാരിലൊരാളായ രോഹിത് ശര്‍മ്മയെ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ടീം പുതിയ കാലത്തിലേക്ക് കടക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ബാറ്റിംഗിലെ പതര്‍ച്ചയാണ് സഹതാരങ്ങള്‍ക്കുമേലുള്ള കോഹ്ലിയുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടു വര്‍ഷത്തോളമായി വിരാടിന്റെ ബാറ്റില്‍ നിന്ന് സെഞ്ച്വറി പിറന്നിട്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ തുടര്‍ ബാറ്റിംഗ് പരാജയങ്ങളും വിരാടിന്റെ പിടിഅയയുന്നതില്‍ കൊണ്ടത്തിച്ചു. മികച്ച പ്രകടനംകൊണ്ട് ടീമിനെ പ്രചോദിപ്പിക്കാനാവാത്ത ക്യാപ്റ്റനെന്ന പേരുദോഷവും കോഹ്ലിയെ നിരാശയിലേക്ക് തള്ളിയിട്ടെന്നു പറയാം.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണ് കോഹ്ലിയുടെ താളം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് വിലയിരുത്തലുണ്ട്. അതും ട്വന്റ20 ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ കോഹ്ലിയെ നിര്‍ബന്ധിതനാക്കി. അധികം വൈകാതെ ഏകദിനത്തിലെ നായകവേഷവും കോഹ്ലി ഉപേക്ഷിക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ക്കാവും ബിസിസിഐ കൂടുതല്‍ പരിഗണന നല്‍കുകയെന്ന് അറിയുന്നു. പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമ്പോഴും രോഹിത്തിന്റെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കേണ്ടിവരും.