തന്‍റെ കഴിവില്‍ വിശ്വസിച്ചതിന് ഒരുപാട് നന്ദിയെന്ന് ശ്രീശാന്ത്, ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

ഐപിഎല്ലില്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന തിരിച്ചുവരവ് സംഭവിച്ചില്ല. മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല. താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. ലേലദിവസം തനിക്കു നല്‍കിയ പിന്തുണയ്ക്കു ട്വിറ്ററിലൂടെ ശ്രീശാന്ത് ആരാധകരെ നന്ദി അറിയിച്ചു.

‘ദൈവത്തിന്റെ കൃപയും കഠിനാധ്വാനവും സ്ഥിരോത്സാഹവും. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദി’, എന്നാണ് താരം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്‍റെ കഠിനാധ്വാനവും ആത്മവിശ്വാസവും ഏറെ അഭിന്ദനാര്‍ഹമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 2008-13 കാലയളവില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് താരത്തിന് അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

39കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്നായി 8.14 ഇക്കോണമിയില്‍ 40 വിക്കറ്റാണ് ശ്രീശാന്തിന്റെ പേരിലുള്ളത്.

നിലവില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വ്യാഴാഴ്ച രാജ്‌കോട്ടില്‍ മേഖാലയയ്‌ക്കെതിരായണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരം.