ഇംഗ്ലണ്ടിലെ സ്വിംഗിനെ നേരിടാനുള്ള വഴി പറഞ്ഞ് സച്ചിന്‍

ഇംഗ്ലണ്ട് പര്യടനം ഏതൊരു ക്രിക്കറ്റ് ടീമിനും വെല്ലുവിളിയാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലെ സ്വിംഗും സീമും ബോളര്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കും. എന്നാല്‍ സ്വിംഗിനെ മെരുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ഉപായം പറയുന്നു.

ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നത് നല്ല വഴിയാണ്. അങ്ങനെയായാല്‍ ബോളര്‍മാര്‍ പന്ത് ഇറക്കിയെറിയാന്‍ പ്രേരിതരാകും. അത് അത്യന്തികമായി ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണം ചെയ്യും- സച്ചിന്‍ പറഞ്ഞു. ഓഫ് സ്റ്റംപിന് പുറത്തേക്കുപോകുന്ന പന്തുകള്‍ വിട്ടുകളയുന്ന കാര്യത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സച്ചിന്‍ നിര്‍ദേശിച്ചു.

ചിലപ്പോള്‍ നിങ്ങള്‍ കരുതും പന്ത് വിട്ടുകളഞ്ഞത് നല്ലതായെന്ന്. എന്നാല്‍ സ്റ്റംപും ബാറ്റ്‌സ്മാനും തമ്മിലെ അകലം വര്‍ദ്ധിച്ചതിനാല്‍ പന്ത് അകത്തേക്കു കയറാനുള്ള സമയം ബാക്കിയുണ്ടാവും. അതിനാല്‍ വിട്ടുകളയുന്ന പന്തില്‍ ബൗള്‍ഡാകാനുള്ള സാധ്യതയുണ്ട്. ക്രീസിനു അല്‍പ്പം പുറത്താണ് നില്‍ക്കുന്നതെങ്കില്‍ ബാറ്റ്‌സ്മാന്‍ മിഡില്‍ സ്റ്റംപ് ഗാര്‍ഡ് എടുക്കണം. ക്രീസിന് പുറത്തേക്ക് കൂടുതല്‍ ഇറങ്ങി നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ ഓഫ് സ്റ്റംപിന് അരുകിലേക്ക് വരുന്നു. അത് പന്തിനെ കുറിച്ച് കൂടുതല്‍ മികച്ച ധാരണ നല്‍കുമെന്നും സച്ചിന്‍ പറഞ്ഞു.