ക്രിക്കറ്റിന് തനിക്ക് കിട്ടിയിരുന്ന പ്രതിഫലം എത്രയെന്ന് പോലും അറിയാത്ത സച്ചിന്‍

ഇന്ത്യയ്ക്ക്് വേണ്ടി റണ്‍വാരിക്കൂട്ടുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാലത്ത് തന്റെ ബാങ്ക്ബാലന്‍സ് എത്രയുണ്ടെന്ന് പോലും കൃത്യമായിട്ട് അറിയാത്ത താരമായിരുന്നു താനെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 1989ല്‍ ക്രിക്കറ്റ് ആരംഭിച്ച് കളി മതിയാക്കുന്നതു വരെ ഇന്ത്യക്കു വേണ്ടി കളിച്ചാല്‍ എത്ര പ്രതിഫലം ലഭിക്കുമെന്ന് തനിക്കറിയില്ലായിരുന്നെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയില്‍ തന്റെ വരുമാനത്തെക്കുറിച്ച് കളിച്ചിരുന്ന സമയത്ത് തനിക്ക് അറിവില്ലായിരുന്നു. ബാങ്ക് അക്കൗണ്ട് എത്ര വലുതായെന്ന് ചിന്തിക്കുന്നതിനേക്കാള്‍ കരിയറില്‍ എത്ര റണ്‍സ് നേടിയെന്നതിലായിരുന്നു ശ്രദ്ധ. ബാങ്ക് അക്കൗണ്ട് എത്ര വലുതാണെന്നത് എനിക്കു വലിയ കാര്യമല്ലായിരുന്നു. ഒരിക്കലും അതു ശ്രദ്ധിക്കാന്‍ പോയിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 2013 നവംബര്‍ 16നായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്ബൈ പറഞ്ഞത്.

ലോക ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറിയടിച്ച ഒരേയൊരു താരം കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കരിയറിന്റെ അവസാന കാലത്ത്, 2011ല്‍ ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യവും കൈവന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മുംബൈയിലെ വാംഖഡെയിലായിരുന്നു സച്ചിന്റെ വിടവാങ്ങല്‍ മത്സരം. ഈ മല്‍സരത്തിടെ അന്നു ടീമിലുണ്ടായിരുന്ന വിരാട് കോലി സച്ചിന് ഒരു സ്പെഷ്യല്‍ സമ്മാനം നല്‍കി. മരിച്ചുപോയ അച്ഛന്‍ പ്രേം കോഹ്ലി സമ്മാനിച്ച ചരടായിരുന്നു വിരാട് കോലി തന്റെ ആരാധനാപാത്രം കൂടിയായ സച്ചിനു അന്നു സമ്മാനമായി നല്‍കിയത്.

അച്ഛന്‍ ഉപയോഗിച്ചിരുന്ന ആ ചരട് കോഹ്ലി കയ്യില്‍ കെട്ടാതെ നിധിപോലെ ബാഗില്‍ സൂക്ഷിച്ചു വെച്ചിരുന്നതായിരുന്നു. അതാണ് വിരമിക്കല്‍ മത്സരത്തിന് ശേഷം കോഹ്ലി ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുകയായിരുന്ന സച്ചിന് നല്‍കിയത്.

നിങ്ങള്‍ എത്രമാത്രം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങളെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വലുതാണെന്നും നിങ്ങളറിയണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ വക ചെറിയൊരു സമ്മാനമാണിതെന്നു പറഞ്ഞായിരുന്നു സച്ചിനു അതു നല്‍കിയത്. അത് കുറേനേരം ഉള്ളംകയ്യില്‍ വെച്ച ശേഷം അതിന്റെ മൂല്യം കൃത്യമായി തിരിച്ചറിഞ്ഞ് അത് ത്ാങ്കള്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമമെന്ന് പറഞ്ഞ് കോഹ്ലിയ്ക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തു.