ഒടുവില്‍ ടീം ഇന്ത്യയും പറയുന്നു, ധോണി ഇപ്പോള്‍ വിരമിക്കരുത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിക്കരുതെന്ന് നിലപാടെടുത്ത് ഇന്ത്യന്‍ ടീം മാനേജുമെന്റ്. ധോണിയുടെ വിരമിക്കല്‍ ഇന്ത്യയെ പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് ടീം മാനേജുമെന്റ് വിലയിരുത്തുന്നത്.

രണ്ടു മാസത്തേക്കു ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത അദ്ദേഹം അടുത്ത മാസം വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വെച്ചിരിക്കുന്ന യുവതാരം റിഷഭ് പന്തിനാണ് വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയിരിക്കുന്നത്.

പന്തിനെ മികച്ച താരമാക്കി വളര്‍ത്തിയെടുക്കുന്നതു വരെ ഒരു ഉപദേശകനായി ടീമിനൊപ്പം ധോണി തുടരണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ധോണിയെ വിരമിക്കാന്‍ ടീം മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുമില്ല.

പന്തിന് പരിക്കേല്‍ക്കുകയാണെങ്കില്‍ അത് അടുത്ത ടി20 ലോക കപ്പില്‍ ഇന്ത്യക്കു കനത്ത ആഘാതമായി മാറും. അതുകൊണ്ടു തന്നെ ധോണിയെ ടീമിനൊപ്പം തന്നെ തത്കാലം നില നിര്‍ത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.ടീമില്‍ തന്റെ റോള്‍ എന്താണെന്ന് ധോണിക്കു നന്നായറിയാം. ധോണി ശരിക്കുമൊരു ടീം പ്ലെയറാണ്. വിവാദങ്ങളോട് അദ്ദേഹം ഒരിക്കലും പ്രതികരിക്കാറില്ല. ഇതേക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതുമാണ്.

പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറാക്കി വളര്‍ത്തിയെടുക്കുന്നതിനൊപ്പം ധോണിയെ രണ്ടാം കീപ്പറായി നിലനിര്‍ത്താനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. പന്തിന് പരിക്കേറ്റാല്‍ പകരം മികച്ചൊരു താരത്തെ കണ്ടെത്തുക എളുപ്പമല്ല. പന്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ്. ഇതിന് ധോണിയുടെ സാന്നിധ്യവും ഉപദേശവുമെല്ലാം പ്രധാനമാണെന്നും ടീം മാനേജ്മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ധോണിയോട് ടീം മാനേജ്മെന്റ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നോ എന്ന് വെളിപ്പെടുത്താന്‍ മുഖ്യ സെലക്ടര്‍ പ്രസാദ് തയ്യാറായിരുന്നില്ല.