ഉത്തരവാദിത്വം ഏറ്റെടുക്കുക; സഞ്ജുവിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

ഐപിഎല്ലില്‍ ഡല്‍ഹിയ്‌ക്കെതിരെ രാജസ്ഥാന്‍ തോറ്റതിന് പിന്നാലെ റോയല്‍സ് നായകന്‍ സഞ്ജുവിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ടീം മോശം രീതിയില്‍ ഇന്നിംഗ്‌സ് തുടങ്ങിയിട്ടും സഞ്ജു ബാറ്റിംഗ് പൊസിഷനില്‍ നേരത്തെ ഇറങ്ങാത്തതിനെയാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്. പവര്‍പ്ലേയില്‍ ജോസ് ബട്ട്‌ലര്‍ പുറത്തായതിന് പിന്നാലെ ആര്‍ അശ്വിനെയായിരുന്നു രാജസ്ഥാന്‍ ഇറക്കിയത്. ഈ പൊസിഷനില്‍ സഞ്ജു ഇറങ്ങണമായിരുന്നു എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘നിങ്ങള്‍ നാലാം നമ്പരില്‍ ഇറങ്ങേണ്ടവനാണെങ്കിലും നിര്‍ണായക സമയത്ത് മൂന്നാം നമ്പരിലും ബാറ്റ് ചെയ്യാന്‍ മുന്നോട്ടു വരണം, ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇത്രയും വലിയ മത്സരം, ഇത്രയും നിര്‍ണായക മത്സരം.. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ.’

‘സംഭവിച്ച പിഴവിനെ കുറിച്ച് പിന്നീട് മനസിലായെങ്കിലും വൈകിയിരുന്നു. അവര്‍ ആഗ്രഹിച്ച ഒരു തുടക്കം അവര്‍ക്ക് ലഭിച്ചില്ല. അതിനാല്‍ സഞ്ജു ക്രീസിലെത്തിയ ഉടനെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചു. ഈ ശ്രമം ആറ് റണ്‍സില്‍ അവസാനിക്കുകയും ചെയ്തു’ ഗവാസ്‌കര്‍ വിലയിരുത്തി.

മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് ഡിസി തകര്‍ത്തുവിട്ടത്. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 161 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തില്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി മറികടന്നു. ഒരു റണ്ണെടുക്കും മുന്‍പേ ആദ്യ വിക്കറ്റ നഷ്ടമായ ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണര്‍ മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടാണു വിജയമുറപ്പിച്ചത്.