ഹാര്‍ദ്ദിക് പാണ്ഡ്യയെയല്ല പകരം അവനെ നായകനാക്കണം; നിര്‍ദ്ദേശവുമായി മുന്‍ താരം

ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍സി കഴിവുകളുണ്ടെന്നും വിഷമകരമായ സാഹചര്യങ്ങളെ നേരിടാന്‍ തന്ത്രപരമായി സജ്ജനാണെന്നും മുംബൈ മുന്‍ ക്രിക്കറ്റ് താരം വിനായക് മാനെ. 32 കാരനായ സൂര്യകുമാറിന് ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തം ഉയര്‍ച്ച താഴ്ചകളുമായി ഏറെ അധ്വാനിക്കേണ്ടിവന്നുവെന്നും തന്റെ വിജയപാതയില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വെല്ലുവിളികളില്‍ നിന്ന് മുംബൈ താരം ഒഴിഞ്ഞുമാറിയില്ലെന്നും വിനായക് മാനെ ഓര്‍മിപ്പിച്ചു.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ പ്രധാന താരങ്ങളിലൊരാളായി സൂര്യകുമാര്‍ യാദവ് മാറിക്കഴിഞ്ഞു. സൂര്യയെ വളരെ വര്‍ഷങ്ങളായിട്ട് അറിയാം. സാങ്കേതികമായി വളരെ മികവുള്ള താരമാണവന്‍. സമ്മര്‍ദ്ദ ഘട്ടങ്ങളെ ധൈര്യമായി നേരിടാനും കഴിവുണ്ട്. എന്നാല്‍ അവനെ നായകനാക്കേണ്ടത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്. എനിക്കറിയാവുന്ന സൂര്യകുമാറിന്റെ ക്രിക്കറ്റ് ബുദ്ധിവളരെ മികച്ചതാണ്.

ടീമിനെ സാങ്കേതിക മികവോടെ നയിക്കാന്‍ അവന് കഴിവുണ്ട്. ടീമിലെ സീനിയര്‍ താരങ്ങളെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ പ്രചോദിപ്പിക്കുന്ന താരമാണ് സൂര്യകുമാര്‍. ഈ രീതി ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. താരങ്ങള്‍ക്ക് മികച്ച മാതൃക കാട്ടാന്‍ സൂര്യകുമാറിന് സാധിക്കുന്നു. ടീമിന്റെ അഭിമാനമാണവനെന്നും വിനായക് പറഞ്ഞു.

നിലവിലെ സാദ്ധ്യതകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയേക്കും. കിവീസിനെതിരായി വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക്കാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ സൂര്യകുമാറിനെ നായകനാക്കാനുള്ള പദ്ധതികള്‍ ഇതുവരെ ബിസിസിഐയ്ക്ക് ഇല്ലെന്നാണ് മനസിലാക്കേണ്ടത്.