കോടികള്‍ ചോദിച്ച് സൂപ്പര്‍ താരം: സണ്‍റൈസേഴ്‌സില്‍ തമ്മിലടി

ഐപിഎല്‍ മെഗാ ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ അഭിപ്രായ ഭിന്നത. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ടീം ഉടമകളുമായി ഇടയുന്നത്.

മെഗാ ലേലത്തിന് മുന്‍പ് നാല് താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതിയുണ്ട്. ഒന്നാമതായി നിലനിര്‍ത്തുന്ന കളിക്കാരനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുക. ന്യൂസിലന്‍ഡ് ബാറ്ററും നായകനുമായ കെയ്ന്‍ വില്യംസനെ ആദ്യ താരമായി നിലനിര്‍ത്താനാണ് സണ്‍റൈസേഴ്‌സ് താല്‍പര്യപ്പെടുന്നത്. ഇതു തന്നോടുള്ള അവഗണനയായാണ് റാഷിദ് ഖാന്‍ കരുതുന്നത്. ഒന്നാം താരമായി തന്നെ നിലനിര്‍ത്തണമെന്നാണ് റാഷിദിന്റെ ആവശ്യം. 15 കോടി രൂപ റാഷിദ് പ്രതിഫലം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലോകത്തെ മുന്‍നിര ലെഗ് സ്പിന്നറാണ് റാഷിദ് ഖാന്‍. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് നിരാശപ്പെടുത്തിയപ്പോഴും 18 വിക്കറ്റുമായി റാഷിദ് മിന്നിത്തിളങ്ങിയിരുന്നു. ഇതാണ് ആദ്യ താരമെന്ന നിലയില്‍ നിലനിര്‍ത്തണമെന്ന് റാഷിദ് വാശി പിടിക്കാന്‍ കാരണം. എന്നാല്‍ ബാറ്റുകൊണ്ടും നേതൃമികവുകൊണ്ടും മുന്നില്‍ നില്‍ക്കുന്ന വില്യംസനെ കൈവിടാന്‍ സണ്‍റൈസേഴ്‌സിനാവില്ലെന്നത് റാഷിദിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടി തീര്‍ക്കുന്നു.