അശ്വിന്‍ ബുദ്ധിമാനായ ബോളര്‍, പക്ഷേ ഒരു നിമിഷം പിഴച്ചു; തുറന്നു പറഞ്ഞ് ഗവാസ്‌കര്‍

ഐപിഎല്ലിലെ 14ാം സീസണില്‍ ആരാധകര്‍ മുള്ളിന്‍മേല്‍ നിന്നുകണ്ടൊരു മത്സരമായിരുന്നു ഇന്നലെ ഷാര്‍ജ വേദിയായ കൊല്‍ക്കത്ത-ഡല്‍ഹി മത്സരം. ഒരവസരത്തില്‍ കൊല്‍ക്കത്ത അനായാസം വിജയതീരമണയും എന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറിലെ ഒടുക്കം വരേക്കും നീണ്ടു. ഇപ്പോഴിതാ അശ്വിന്‍ എറിഞ്ഞ അവസാന ഓവര്‍ ത്രില്ലറിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ബുദ്ധിമാനായ ബോളറായ അശ്വിന് നിര്‍ണായക നിമിഷം പിഴച്ചെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

‘അശ്വിന്‍ വളരെ ബുദ്ധിമാനായ ബോളറാണ്. ഏത് ബാറ്റ്സ്മാന് എങ്ങനെ പന്തെറിയണമെന്ന് അവന് കൃത്യമായി അറിയാം. ബാറ്റ്സ്മാന്റെ മനസ് വായിക്കാന്‍ അവന് കഴിവുണ്ട്. സുനില്‍ നരെയ്ന്‍ ക്രീസിലെത്തിയാല്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുമെന്ന് അവനറിയം. അതിനാല്‍ അല്‍പ്പം വൈഡായാണ് അവന്‍ പന്തെറിഞ്ഞത്. അത് കൃത്യമാവുകയും ലോംഗ് ഓണില്‍ ക്യാച്ചാവുകയും ചെയ്തു.’

Image

‘എന്നാല്‍ അഞ്ചാം പന്തില്‍ അശ്വിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. വലിയ ഷോട്ട് കളിക്കാതെ ഗ്രൗണ്ട് ഷോട്ടിന് അവന്‍ ശ്രമിക്കുമെന്നാണ് അശ്വിന്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഫ്ളാറ്റ് പന്തായിരുന്നു അശ്വിന്‍ എറിഞ്ഞത്. ഇത് പ്രതീക്ഷിച്ച ത്രിപാഠി മികച്ച ഷോട്ടിലൂടെ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ 10 ബോളെങ്കിലും ബാക്കിനിര്‍ത്തി ജയിപ്പിക്കാവുന്ന കളിയാണ് കെകെആര്‍ ഇത്തരത്തിലേക്കെത്തിച്ചത്’ ഗവാസ്‌കര്‍ പറഞ്ഞു.

അവസാന ഓവറില്‍ ഏഴ് റണ്‍സാണ് കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ അശ്വിന്‍ ഷക്കീബ് അല്‍ ഹസനെയും സുനില്‍ നരെയ്നെയും അടുത്തടുത്ത് പുറത്താക്കിയെങ്കിലും അഞ്ചാം പന്തില്‍ സിക്സര്‍ പറത്തി രാഹുല്‍ ത്രിപാഠി കെകെആറിനെ വിജയത്തിലെത്തിക്കുകയായിരുന്നു.