കണിശതകാട്ടി ക്യാപ്പിറ്റല്‍സ്; സണ്‍ റൈസേഴ്‌സിന് വമ്പന്‍ സ്‌കോറില്ല

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വമ്പന്‍ സ്‌കോറില്ല. വേഗംകുറഞ്ഞ പിച്ചില്‍ കണിശതയോടെ പന്തെറിഞ്ഞ ക്യാപ്പിറ്റല്‍സ് ബോളര്‍മാര്‍ എസ്ആര്‍ച്ചിനെ 134/9 എന്ന സ്‌കോറില്‍ ഒതുക്കിനിര്‍ത്തി.

ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (0) നഷ്ടപ്പെട്ട സണ്‍റൈസേഴ്‌സിന് സ്‌കോറിംഗിന് വേഗം ഉയര്‍ത്താന്‍ ഒരു ഘട്ടത്തില്‍പോലും സാധിച്ചില്ല. വേഗവ്യതിയാ നത്തിലൂ ടെയും തന്ത്രപരമായ പന്തേറിലൂടെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഡല്‍ഹി നിയന്ത്ര ണം കാത്തു.

വൃദ്ധിമാന്‍ സാഹ (18), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (18), മനീഷ് പാണ്ഡെ (17), കേദാര്‍ ജാദവ് (3) എന്നിവരെല്ലാം നിലയുറപ്പിച്ച് കളിക്കുന്നതില്‍ പരാജയപ്പെട്ടു. 28 റണ്‍സ്‌നേടിയ അബ്ദുള്‍ സമദാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്തില്‍ റാഷിദ് ഖാനും (22) തരക്കേടില്ലാത്ത സംഭാവന നല്‍കി. ഡല്‍ഹിക്കായി കാഗിസോ റബാഡ മൂന്നുപേരെ പുറത്താക്കി. ആന്റിച്ച് നോര്‍ട്ടിയ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന് വിക്കറ്റൊന്നും നേടാനായില്ല. പേസര്‍ ആവേശ് ഖാന്‍ റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാട്ടിയതും മത്സരത്തിലെ ഹൈലൈറ്റുകളില്‍പ്പെടുന്നു.