'അടുത്ത ഏകദിന ലോകകപ്പ് ശ്രീലങ്ക നേടും'; അവകാശവാദവുമായി മുന്‍ ലങ്കന്‍ താരം

അടുത്ത ഏകദിന ലോകകപ്പ് ശ്രീലങ്കന്‍  ക്രിക്കറ്റ് ടീം സ്വന്തമാക്കുമെന്ന് ശ്രീലങ്കന്‍ മുന്‍ താരവും ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രമോദ്യ വിക്രമസിംഗെ. ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന് ലോകകപ്പ് നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ മോശം പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിംബാബ്വെയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ശ്രീലങ്കന്‍ ടീം 12-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ആ ടൂര്‍ണമെന്റിന് ശേഷം അവര്‍ 09-ാം സ്ഥാനത്തേക്ക് ഉയരുകയും, ടീം ആ വിജയ ആവേശത്തോടെ ലോകകപ്പ് ടൂര്‍ണമെന്റിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അത്ര മികച്ച ടൂര്‍ണമെന്റല്ല അവരെ കാത്തിരുന്നത്.

ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തിയ ലങ്ക പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനു യോഗ്യത നേടാനും ശ്രീലങ്കയ്ക്കു സാധിച്ചിരുന്നില്ല.

മോശം പ്രകടനത്തിനു പിന്നാലെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു. എന്നാല്‍ കോടതി ഇടപെട്ട് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. ഇതിനു പിന്നാലെ ക്രിക്കറ്റില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന കാരണത്താല്‍, ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു.