'തല്ലുകൊള്ളി' അതേ, അതായിരുന്നു ശ്രീശാന്ത്; പീന്നിടിത് അദ്ദേഹത്തിനും തന്നെ വിനയമാവുകയും ചെയ്തു

റെജി സെബാസ്റ്റ്യന്‍

ആദ്യമേ പറയട്ടെ, ഞാനൊരു കോതമംഗലംകാരനാണ്. അതേ, ശ്രീയുടെ സ്വന്തം നാട്ടുകാരന്‍.. അതുക്കും മേലെ അടുത്തറിഞ്ഞപ്പോള്‍ എന്റപ്പയുടെ മൂത്ത പെങ്ങളുടെ അയല്‍വക്കത്തെ പയ്യന്‍സ്. പക്ഷെ പയ്യന്‍ ഇത്ര അടുത്തുള്ള നമുക്ക് വേണ്ടപ്പെട്ട ഒരാളാണ് എന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അമ്മായിയുടെ മൂത്തമകളുടെ മകളുടെ ക്ലാസ്സ് മേറ്റ് ആയിരുന്നു ശ്രീശാന്ത്. സ്വാഭാവികമായും ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ വരുമ്പോള്‍ ഒരു ക്ലാസ്സ്മേറ്റ് ആയ അവള്‍ സന്തോഷിക്കേണ്ടതാണ്. പക്ഷെ അവള്‍ അന്ന് ശ്രീശാന്തിനെക്കുറിച്ച് പറഞ്ഞൊരു ഡയലോഗ് ഉണ്ട്.. ‘തല്ലുകൊള്ളി’ അതേ, അതായിരുന്നു ശ്രീശാന്ത്. പഠിക്കുന്ന കാലത്തും പിന്നീട് കളിക്കളത്തിലുമെല്ലാം അടങ്ങിയിരിക്കാത്തൊരു തല്ലുകൊള്ളി.. എന്തോ അച്ചടക്കം ഇല്ലാത്ത ആ സ്വഭാവം തന്നെ ശ്രീക്കു വിനയമാവുകയും ചെയ്തു.

2006 ല്‍ പാക്കിസ്ഥാനിലെ വിജയകരമായ ODI പരമ്പരക്ക് ശേഷം കോട്ടയത്ത് ഞങ്ങളുടെ മംഗളം ഓഫീസില്‍ ഒരു function അറ്റന്‍ഡ് ചെയ്യാന്‍ ശ്രീ എത്തിയിരുന്നു. എന്തിലും വിവാദം മാത്രമുണ്ടാക്കുന്ന ചോദ്യങ്ങളായിരുന്ന ശ്രീക്കു നേരെ അന്നുയര്‍ന്നത്. ശ്രീയുടെ അമ്മയുടെ പെരുമാറ്റവുമായി (പൊങ്ങച്ചം ആയിരിക്കാം അവര്‍ ഉദ്ദേശിച്ചത് )ബന്ധപ്പെട്ടതായിരുന്നു അത്. ശ്രീ ഒരല്പം വിഷമത്തിലുമായിരുന്നു അപ്പോള്‍. അത് വഴി തിരിച്ചു വിടാന്‍ ഈയുള്ളവന്‍ രണ്ട് ചോദ്യങ്ങള്‍ ശ്രീയോട് ചോദിച്ചു. ഒന്ന് ഇതായിരുന്നു. അജിത് അഗാര്‍ക്കറെപോലെ ഓരോവറിലെ ഏതാണ്ട് നാല് ബോളുകളും സൂപ്പര്‍ബ് ആയി ചെയ്ത ശേഷം ആ ഓവറിനെ നശിപ്പിക്കുന്ന ഒന്നോ രണ്ടോ ലൂസ്‌ബോളുകള്‍ ശ്രീയും എറിയുന്നു. ശ്രീ അത് സമ്മതിച്ചു.. തനിക്കു പറ്റാറുള്ള ഒരു പിഴവായി തന്നെ. അത് തിരുത്താന്‍ ശ്രമിക്കുമെന്നും പറഞ്ഞു. പക്ഷെ ആ കരിയറിലെ ODI ബൌളിംഗ് ഇക്കോണമി നോക്കിയാല്‍ ശ്രീക്കത് തിരുത്താനും കഴിഞ്ഞിട്ടില്ല എന്നും മനസിലാക്കാം.

ശ്രീയുടെ ബൌളിംഗ് എന്‍ഡിലേക്ക് തിരികെ പോവുമ്പോഴുള്ള പിറുപിറുക്കല്‍ ആയിരുന്നു രണ്ടാം ചോദ്യം. അതൊരു സ്വയം മൊട്ടിവേഷന്‍ ആണെന്നായിരുന്നു അതിനുത്തരം. എതിരാളിയെ തകര്‍ക്കാനുള്ള ആവേശം അതിലുണ്ടായിരുന്നിരിക്കാം. ശ്രീ പിന്നീട് ഏറെ പഴികേട്ട അതേ അഗ്രെഷന്‍.. എളുപ്പം നല്ല സുഹൃത്താവുന്ന ഒരു ഇന്റര്‍നാഷണല്‍ കളിക്കാരന്റെ ജാടകളേതുമില്ലാത്തൊരു മുഖവും അന്ന് കണ്ടു. ശ്രീ അങ്ങനെ ആവാന്‍ പാടില്ലായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ കുഞ്ഞിലേ തല്ലുകൊള്ളിയായിരുന്ന ശ്രീക്ക് അങ്ങിനെയൊക്കെയേ ആവാനാകുമായിരുന്നുള്ളൂ. അതായിരുന്നല്ലോ ശ്രീക്ക് ക്രിക്കറ്റ് ലോകത്ത് സ്വന്തമായൊരു മേല്‍വിലാസവും നല്‍കിയത്.

ദീര്‍ഘകാലം ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായിരുന്ന രണ്ടുപേര്‍( അസര്‍, ജഡേജ )കോഴ വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്തപ്പോള്‍ ആജീവാന്ത വില ക്കെര്‍പ്പെടുത്തിയ BCCI അവര്‍ക്ക് പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ IPL പോലൊരു ടൂര്‍ണമെന്റില്‍ കോഴ വാങ്ങി എന്ന് പറയുന്ന ശ്രീയേ BCCI ട്രീറ്റ് ചെയ്ത രീതി സമാനാഥകളില്ലാത്തതാണ്. പ്രധാനപ്പെട്ട അഞ്ചു ചെന്നൈ സൂപ്പര്‍കിങ്സ് കളിക്കാര്‍ കോഴയില്‍ പെട്ട റിപ്പോര്‍ട്ട് ഇന്നും BCCI യുടെ ഷെല്‍ഫില്‍ ഭദ്രവുമാണ്.

ഇന്നും ശ്രീയെ അഹങ്കാരിയെന്നു മുദ്രകുത്തുമ്പോള്‍ നാം ഇതൊക്കെക്കൂടി ഒന്നോര്‍ക്കണം. നഷ്ടപെട്ട ആ എട്ടോളം വര്‍ഷങ്ങള്‍ അയാളെ എവിടെ എത്തിക്കുമായിരുന്നുവെന്ന്.. നന്ദി ശ്രീ… നീ തന്ന ആ ഔട്ട് സ്വിങ്ങറുകളുടെ മനോഹാരിതകള്‍ക്ക്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍