ശ്രീ എന്ന ഒറ്റയാന്‍, സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയര്‍ന്ന ക്രിക്കറ്റര്‍

2005 ഒക്ടോബര്‍ 25 ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത്. 2011 ആഗസ്ത് 18 നാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഏതാണ്ട് 6 വര്‍ഷം മാത്രം ദേശീയ ടീമില്‍ സജീവമായ ഒരാള്‍ പക്ഷെ ദേശീയ വികാരമായ ഗെയിമില്‍ ഈ നൂറ്റാണ്ടില്‍ ആകെ നേടിയ 2 ലോകകപ്പിലും പങ്കാളിയായിരുന്നു. എത്ര പേര്‍ക്ക് അവകാശപ്പെടാന്‍ പറ്റുന്ന നേട്ടം?

ശ്രീ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് വര്‍ഷം 10 കഴിഞ്ഞു. അതിനു മുന്‍പും അതിന് പിന്‍പും, സ്വതവേ മലയാളികള്‍ക്ക് അയിത്തം കല്‍പ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് നടന്നു കയറാന്‍ എത്ര പേര്‍ക്ക് പറ്റി? പറ്റിയവര്‍ എത്ര കാലം നില നിന്നു. അത് തന്നെയാണ് ശ്രീശാന്തിന്റെ പ്രസക്തിയും. സച്ചിനും ധോനിയും സെവാഗും ദ്രാവിഡും ഗാംഗുലിയും കുംബ്‌ളെയും ഒക്കെ അണി നിരന്ന ടീമില്‍ അവര്‍ക്കൊപ്പം തോളോടു തോള്‍ ചേരാന്‍ പറ്റിയ മലയാളി എന്ന നിലയില്‍ അയാള്‍ക്ക് അഭിമാനിക്കാം.അഹങ്കരിക്കാം.

ശ്രീ എന്നും ഒറ്റയ്ക്കായിരുന്നു. സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയര്‍ന്ന ക്രിക്കറ്റര്‍. അയാളുടെ ആത്മവിശ്വാസത്തെ പക്ഷെ അഹങ്കാരമായി മുദ്ര കുത്തപ്പെട്ടുവെന്നത് വൈരുദ്ധ്യം. ഒരു കവിളത്ത് അടി കിട്ടുമ്പോള്‍ മറ്റേ കവിള്‍ കാണിച്ചു കൊടുക്കണമെന്ന ഇന്ത്യന്‍ ട്രഡീഷണല്‍ പാരമ്പര്യം ഗെയിമിലേക്കും പകര്‍ത്തപ്പെട്ടപ്പോള്‍ അവിടെ എതിരാളികള്‍ക്ക് ചുട്ട മറുപടി നല്‍കിയ ശ്രീശാന്ത് അനഭിമിതനായത് സ്വാഭാവികമായിരിക്കാം. വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീശാന്തിന്റെ അഗ്രഷന്‍ ചുരുക്കം ചില യുവതാരങ്ങളെങ്കിലും പിന്തുടരുമ്പോള്‍ അതിന് കൂടുതല്‍ കൈയ്യടി കിട്ടുന്നത് മറ്റൊരു വൈരുദ്ധ്യം.

വ്യക്തി ജീവിതത്തില്‍ തെളിയിക്കപ്പെടാത്ത കുറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ വിജയി തന്നെയാണ്. 7 വര്‍ഷങ്ങള്‍ അയാള്‍ നിരന്തരം വേട്ടയാടപ്പെട്ടുവെങ്കിലും ഉള്ളിലെ അഗ്‌നി കെടാതെ സൂക്ഷിച്ച ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ഏറെ പരിമിതികള്‍ ഉണ്ടായിട്ടും തിരിച്ച് വന്ന് ഒരു രഞ്ജി മത്സരത്തില്‍ ഒരു 16 വയസുകാരനൊപ്പം പന്തെറിയാന്‍ പറ്റിയെങ്കില്‍ അത് ഒരു വിജയം തന്നെയാണ്.

ശ്രീ മൈതാനത്ത് നിന്നും മടങ്ങുകയാണ്. 50 ഓവര്‍ ,20 ഓവര്‍ ലോകകപ്പ് നേടിയ ലോകത്തെ ആദ്യ ഫാസ്റ്റ് ബൗളര്‍ ആരവങ്ങളില്‍ നിന്നും അകലുകയാണ്.15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗില്‍ക്രിസ്റ്റിനെയും ഹെയ്ഡനെയും കടപുഴക്കിയ ഓര്‍മ്മകള്‍, മിസ്ബയുടെ ഷോട്ട് ആകാശത്തേക്കുയര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരില്‍ പരിഭ്രാന്തിയുടെ ഓളങ്ങള്‍ ഒരു നിമിഷം സമ്മാനിച്ച് ഒടുവില്‍ ഒരു ജനതയുടെ സാക്ഷാത്കാരം സഫലീകരിച്ച ക്യാച്ച്, ജാക്വസ് കാലിസ് എന്ന അതികായനെ വായുവില്‍ നിരായുധനാക്കിയ ഫോട്ടോ ഫ്രെയിം. ഓര്‍മ്മകള്‍ ഒരുപാടുണ്ട്.അതാകട്ടെ ഒരിക്കലും മറക്കാത്ത രീതിയില്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളില്‍ എന്നെന്നും തങ്ങി നില്‍ക്കപ്പെടുന്നതും.

Read more

ഒരിക്കല്‍ കൂടി ഒരു IPL എന്ന സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും അതിനേക്കാള്‍ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ഒരാളെ നാളത്തെ തലമുറ ഓര്‍ക്കുക ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ച മലയാളി എന്ന പേരിലാകും. മലയാളികള്‍ ഇനിയും ദേശീയ ടീമില്‍ കളിച്ചേക്കാം. എന്നാല്‍ അവര്‍ക്കാക്കും പക്ഷെം സച്ചിനും ധോനിക്കും സേവാഗിനുമൊപ്പം കളിക്കാനാകില്ലല്ലോ ??????